പ്രവാസികളെ കൊള്ളയടിക്കല്‍: എസ്ഡിപിഐ കണ്ണൂര്‍ എയര്‍പോര്‍ട്ട് മാര്‍ച്ച് നാളെ
കണ്ണൂര്‍: നാടിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും സംഭാവന നല്‍കിയ പ്രവാസി സമൂഹത്തെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിമാനക്കമ്പനികളും പിന്മാറണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തുന്നു. നാളെ നവംബര്‍ 3ന് രാവിലെ 10.30നാണ് പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്.
ആര്‍ടിപിസിആര്‍ സൗജന്യമാക്കുക, വിമാനത്താവളത്തില്‍ നിന്ന് ടെസ്റ്റ് പോസിറ്റീവാകുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും തിരിച്ചുനല്‍കാന്‍ തയ്യാറാവുക, ടിക്കറ്റിന് അമിത നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കുക, കസ്റ്റംസ് തീരുവയുടെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കുക, വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ യാത്രക്കാരോട് മാന്യമായി പെരുമാറുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിമാനത്താവള മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
പ്രതിഷേധ മാര്‍ച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും.
മട്ടന്നൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ, ജില്ലാ ട്രഷറര്‍ ആഷിക് അമീന്‍, മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് സദഖത്ത് എം കെ, പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട് സത്താര്‍ ഉളിയില്‍ എന്നിവര്‍ പങ്കെടുത്തു.