പരാതിയില്‍ നടപടി വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി ഓഫീസിന്റെ വ്യാജ സന്ദേശം; ഡോക്ടര്‍ അറസ്റ്റില്‍
ഓഫീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ മെയില്‍ ഐഡിയുണ്ടാക്കി ഗുജറാത്തിലെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കത്തയക്കുകയായിരുന്നു.
അഹമ്മദാബാദ്: സ്വന്തം പരാതിയില്‍ നടപടി വേഗത്തിലാക്കാന്‍ വേണ്ടി പ്രധാനമന്ത്രി ഓഫീസിന്റെ പേരില്‍ വ്യാജ സന്ദേശം അയച്ച ഡോക്ടര്‍ അറസ്റ്റില്‍. അംറേലിയുള്ള ഡോ. വിജയ് പരീഖ് ആണ് അറസ്റ്റിലായത്. അഹമ്മദാബാദ് സൈബര്‍ ക്രൈം ബ്രാഞ്ച് ആണ് കേസന്വേഷിച്ച് നടപടിയെടുത്തത്.
അടുത്തിടെ അഹമ്മദാബാദിലുള്ള പരിമള്‍ ഗാര്‍ഡനില്‍ പരീഖ് രണ്ട് ഓഫീസുകള്‍ വാങ്ങിച്ചിരുന്നു. എന്നാല്‍ ഓഫീസ് കൈമാറാതെ വില്‍പ്പ ന നടത്തിയ ആള്‍ പരീഖിനെ കബളിപ്പിച്ചു എന്നായിരുന്നു പരാതി. തന്റെ പരാതിയില്‍ വേഗത്തില്‍ നടപടിയുണ്ടാകുന്നതിനായാണ് ഡോക്ടര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്ത് എന്ന തരത്തില്‍ വ്യാജരേഖ അയച്ചത്. ഓഫീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ മെയില്‍ ഐഡിയുണ്ടാക്കി ഗുജറാത്തിലെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കത്തയക്കുകയായിരുന്നു.
ഡോ. പരീഖിന്റെ പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഓഫീസിന്റെ ഉടമസ്ഥാവകാശം അദ്ദേഹത്തിന് നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. വിഷയം പ്രധാനമന്ത്രിയുടെ ഓഫീസ് തുടര്‍ച്ചയായി പിന്തുടരുന്നുവെന്നും സന്ദേശത്തില്‍ അറിയിച്ചിരുന്നു. സൈബര്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍ തന്നെയാണ് വ്യാജ മെയില്‍ ഐഡി ഉണ്ടാക്കി സന്ദേശം അയച്ചതെന്ന് തെളിയുകയായിരുന്നു.