കൊവിഡ് രോഗിക്കെതിരേ വ്യാജവാര്‍ത്ത: ദേശാഭിമാനി പത്രത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗൃഹനാഥയുടെ വക്കീല്‍ നോട്ടിസ്

Update: 2020-08-26 19:41 GMT

ന്യൂമാഹി: നാട്ടില്‍ കൊവിഡ് പകര്‍ത്തിയെന്നാരോപിച്ച് തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ച ദേശാഭിമാനി പത്രത്തിനെതിരേ ഗൃഹനാഥ വക്കീല്‍നോട്ടിസ് അയച്ചു. ആഗസ്റ്റ് 21ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയ്‌ക്കെതിരേയാണ് പരാതി. വിമന്‍സ് ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ യോഗത്തിനെത്തിയവരാണ് ന്യൂമാഹിയില്‍ കൊവിഡ് പകര്‍ത്തിയതെന്നായിരുന്നു ദേശാഭിമാനി പത്രം ആരോപിച്ചത്.

ആഗസ്റ്റ് 21ാം തിയ്യതി ദേശാഭിമാനി പത്രത്തിന്റെ രണ്ടാം പേജില്‍ 'ന്യൂമാഹിയില്‍ റൂട്ട് മാപ്പ് തയ്യാറാക്കല്‍ വെല്ലുവിളി' എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തയില്‍ 'കൊവിഡ് സ്ഥിരീകരിച്ചവരിലേറെയും വിമന്‍സ് ഫ്രണ്ട് നേതാവിന്റെ കിടാരന്‍ കുന്നിലെ വീട്ടില്‍ യോഗത്തിനെത്തിയവര്‍' എന്നും റൂട്ട് മാപ്പ് തയ്യാറാക്കാന്‍ സഹകരിക്കുന്നില്ല എന്നും റിപോര്‍ട്ട് ചെയ്തിരുന്നു. വ്യാജവാര്‍ത്ത നല്‍കി തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കുകയും ഇതുമൂലം തനിക്കും കുടുംബത്തിനും മാനഹാനി ഉണ്ടായെന്നും ഇതിനു നഷ്ടപരിഹാരമായി 20 ലക്ഷം രൂപ ലഭിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. അല്ലാത്ത പക്ഷം പത്രത്തിനെതിരെ സിവില്‍ ക്രിമിനല്‍ കേസുകളുമായി മുമ്പോട്ടു പോകുമെന്നും കിടാരന്‍ കുന്നിലെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഗൃഹനാഥ പറഞ്ഞു.

തലശ്ശേരിയിലെ അഡ്വക്കേറ്റ് കെ.സി. മുഹമ്മദ് ഷബീര്‍ മുഖേനയാണ് വക്കീല്‍ നോട്ടിസ് അയച്ചത്.  

Tags:    

Similar News