മൈനാഗപ്പള്ളി വാഹനാപകടക്കൊല: ഡ്രൈവര്‍ക്കും വനിതാ ഡോക്ടര്‍ക്കുമെതിരേ നരഹത്യാക്കുറ്റം ചുമത്തി

Update: 2024-09-16 16:46 GMT

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്കെതിരേയും നരഹത്യാക്കുറ്റം ചുമത്തി. കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍(29), കൂടെയുണ്ടായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടി(27) എന്നിവര്‍ക്കെതിരേയാണ് മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

    മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണദിവസം വൈകീട്ട് 5.30ഓടെയായിരുന്നു അതിദാരുണ സംഭവം. അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിച്ചു. റോഡിലേക്ക് വീണ സ്ത്രീകളിലൊരാളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു. പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോള്‍ (47) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സഹോദരി ഫൗസിയ(30)ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

    കടയില്‍നിന്ന് സാധനം വാങ്ങി സ്‌കൂട്ടറില്‍ മടങ്ങുമ്പോഴാണ് ഇരുവരെയും അമിതവേഗതയില്‍ കരുനാഗപ്പള്ളി ഭാഗത്തുനിന്നെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ആദ്യം കാറിന് മുകളിലേക്കും പിന്നാലെ റോഡിലേക്കും വീണ കുഞ്ഞുമോളുടെ നെഞ്ചിലൂടെ പിന്നീട് കാര്‍ കയറ്റിയിറക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ കാര്‍ മുന്നോട്ടെടുക്കരുത് എന്ന് ഉറക്കെ പറഞ്ഞിട്ടും കാര്‍ മുന്നോട്ടെടുത്ത ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞുമോളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് നൗഷാദിനൊപ്പം വീടിനടുത്ത് സ്‌റ്റേഷനറി കട നടത്തുകയാണ് കുഞ്ഞുമോള്‍.

    സംഭവശേഷം പ്രതികള്‍ ഒളിവിലായിരുന്നു. സംഭവത്തില്‍ ഡോ. ശ്രീക്കുട്ടിക്കെതിരേ പ്രേരണാക്കുറ്റം ചുമത്തുമെന്നായിരുന്നു പോലീസ് നേരത്തെ നല്‍കിയ സൂചന. കാറോടിച്ചിരുന്ന അജ്മലും കൂടെയുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായാണ് റിപോര്‍ട്ട്. ചന്ദനക്കടത്ത്, തട്ടിപ്പ് കേസുകളിലായി അന്‍വറിനെതിരേ അഞ്ചു കേസുകള്‍ നിലവിലുണ്ടെന്നാണ് പോലിസ് പറയുന്നത്. നെയ്യാറ്റിന്‍കര സ്വദേശിനിയായ ശ്രീക്കുട്ടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. ആറുമാസം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. നൃത്താധ്യാപകനാണെന്ന് പരിചയപ്പെടുത്തിയ ഇരുവരും തമ്മില്‍ സൗഹൃദം വളരുകയും ഒന്നിച്ച് നൃത്തപഠനത്തിനായി പോവുകയുംചെയ്തു. നേരത്തേ വിവാഹിതയായിരുന്ന ശ്രീക്കുട്ടി പിന്നീട് വിവാഹമോചനം നേടിയിരുന്നു. ഇതിനുശേഷമാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്. അതേസമയം, കേസില്‍ കസ്റ്റഡിയിലായതിന് പിന്നാലെ തന്നെ ശ്രീക്കുട്ടിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആദ്യം ഡോ. ശ്രീക്കുട്ടിക്കെതിരേ പ്രേരണാകുറ്റം ചുമത്തുമെന്നായിരുന്നു റിപോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍, സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിനോട് ആവശ്യപ്പെട്ടത് വനിതാ ഡോക്ടറാണെന്ന ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് വനിതാ ഡോക്ടര്‍ക്കെതിരേയും നരഹത്യാക്കുറ്റം ചുമത്തിയത്.

Tags:    

Similar News