നിസാമുദ്ദീന്‍ തബ്‌ലീഗ് ജമാഅത്ത്: കൊല്ലത്തെ റിട്ട. പ്രഫസര്‍ക്ക് കൊറോണയെന്ന് വ്യാജവാര്‍ത്ത; മലയാള ദിനപത്രത്തിനെതിരേ നിയമനടപടിക്കൊരുങ്ങി കുടുംബം
വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരേ അധികാരികള്‍ നിയമനടപടി സ്വീകരിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. തബ് ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന പല വാര്‍ത്തകളും വ്യാജമാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.
കൊല്ലം: നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കൊല്ലം കരിക്കോട് സ്വദേശിയായ റിട്ട. കോളജ് പ്രഫസര്‍ക്ക് കൊറോണയെന്ന് വ്യാജവാര്‍ത്ത നല്‍കിയ ദിനപത്രത്തിനെതിരേ നിയമനടപടിക്കൊരുങ്ങി കുടുംബം. തനിക്ക് രോഗബാധയില്ലെന്നും തന്റെ രക്തം പരിശോധനയ്ക്ക് പോലും എടുത്തിട്ടില്ലെന്നും വ്യക്തമാക്കുന്ന വോയ്‌സ് ക്ലിപ്പ് തേജസ് ഓണ്‍ലൈന് ലഭിച്ചു. അധ്യാപകന്‍ കൊറോണ ബാധിച്ച് ഡല്‍ഹിയില്‍ ചികിത്സയിലാണെന്നും അദ്ദേഹത്തോടൊപ്പമുള്ളവരും ഒപ്പം വാഹനത്തില്‍ സഞ്ചരിച്ചവരും നിരീക്ഷണത്തിലാണെന്നുമാണ് പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ വാര്‍ത്ത നല്‍കിയത്. ഇത് ചോദ്യം ചെയ്താണ് ഇപ്പോള്‍ അധ്യാപകനും കുടുംബവും രംഗത്തുവന്നിരിക്കുന്നത്.
അധ്യാപകന്റെ വിശദീകരണം അനുസരിച്ച് ഫെബ്രുവരി 11 നാണ് അദ്ദേഹം മൂന്നു പേര്‍ക്കൊപ്പം ട്രയിനില്‍ നിസാമുദ്ദീനിലേക്ക് പോയത്. അവിടെ നിന്ന് മധ്യപ്രദേശിലേക്ക് പോയി. മാര്‍ച്ച് 18ന് മധ്യപ്രദേശില്‍ നിന്ന് നിസാമുദ്ദീനിലേക്ക് തിരിച്ചെത്തി. മാര്‍ച്ച് 29ാം തിയ്യതിവരെ അവിടെ തുടര്‍ന്നു. 29ാം തിയ്യതി അധികൃതര്‍ പലരെയും പല ഭാഗത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചിലരെ സ്‌കൂളുകളിലും കോളജുകളിലും ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്.
അധ്യാപകനെ ലോക് നായിക് ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ വച്ചു. അദ്ദേഹത്തൊടൊപ്പം 32 പേരെയും അതേ വാര്‍ഡില്‍ പാര്‍പ്പിച്ചിരുന്നു. അതില്‍ രണ്ട് പേര്‍ മാത്രമേ മലയാളികളുള്ളു. ബാക്കി ഭോപ്പാല്‍ നിവാസികളായ ചെറുപ്പക്കാര്‍. അധ്യാപകന്‍ പറയുന്നതനുസരിച്ച് ആരെയും ഇതുവരെ കൊറോണ ടെസ്റ്റിന് വിധേയമാക്കിയിട്ടില്ല.
ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാ ദിവസവും വന്ന് ആരോഗ്യനില പരിശോധിക്കുന്നുണ്ട്. പനിയും ജലദോഷമും ഉണ്ടോ എന്നും ചോദിക്കാറുണ്ട്. വസ്തുത ഇതായിരിക്കെയാണ് മാധ്യമങ്ങളില്‍ കൊല്ലം കരിക്കോട് സ്വദേശിയായ റിട്ടയേഡ് പ്രഫസര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന മട്ടില്‍ വാര്‍ത്ത വന്നത്.
''ടെസ്റ്റ് പോലും ചെയ്യാതെ ഒരാള്‍ക്ക് കൊറോണ പോസറ്റീവ് ആണെന്നു പറയുന്നത് എങ്ങനെയാണ്? അതിനെതിരേ നിയമനടപടിക്ക് പോകാന്‍ ഉദ്ദേശിക്കുന്നു. അതെങ്ങനെയെന്ന് കുടുംബം ചര്‍ച്ചചെയ്യുന്നുണ്ട്. ഇല്ലാത്ത കാര്യം പറഞ്ഞ് പ്രചരിപ്പിക്കുന്നത് ശരിയല്ല. അതും ഈ രോഗത്തിന്റെ സമയത്ത്. രോഗം ആര്‍ക്കും വരാം. പ്രചരിപ്പിക്കുന്നവര്‍ക്കും വരാം. രോഗത്തെ വച്ച് മുതലെടുക്കുന്നത് ശരിയല്ല. അധികാരികള്‍ ഇത് വേണ്ട വിധം കൈകാര്യം ചെയ്യണം.''- അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരേ അധികാരികള്‍ നിയമനടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. തബ് ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന പല വാര്‍ത്തകളും വ്യാജമാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കേരളത്തില്‍, മുഖ്യഭരണകക്ഷിയുടെ മുഖപത്രത്തില്‍ നിസാമുദ്ദീനെ കൊറോണയുടെ പ്രഭവകേന്ദ്രം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വിഷയം മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്താന്‍ ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. വ്യാജവാര്‍ത്തക്കെതിരേ നടപടി എടുക്കണമെന്ന സുപ്രിം കോടതിയുടെ നിര്‍ദേശം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് മലാളത്തിലെ ഒരു പ്രമുഖപത്രം വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ഇപ്പോള്‍ ആ വാര്‍ത്ത ഓണ്‍ലൈനില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വ്യാജവാര്‍ത്ത നല്‍കി പിന്നീട് പിന്‍വലിക്കുന്നതും വര്‍ഗീയപ്രചാരകരുടെ തന്ത്രമാണെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.