കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ബന്ദിപ്പൂര്‍, വയനാട് വനം, വന്യജീവി സങ്കേതത്തില്‍ കാട്ടുതീയില്‍ ചാരമായത് നൂറ്റാണ്ടുകളായി ആര്‍ജ്ജിച്ച അപൂര്‍വ്വ വനസമ്പത്താണെങ്കിലും കാട്ടുതീയില്‍ പൊലിഞ്ഞതെന്ന് പ്രചരിക്കുന്ന മൃഗങ്ങളുടെ ചിത്രങ്ങള്‍ വ്യാജം. മുയല്‍, ഒറാങ് ഉട്ടാന്‍ കുരങ്ങ്, മാനുകള്‍ എന്നിങ്ങനെ പലതരം മൃഗങ്ങളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇവ കാലിഫോര്‍ണിയ, ഇന്തോനീഷ്യ, ഉത്തരാഖണ്ഡ്, ഗ്വാട്ടിമാല തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടുതീ ഉണ്ടായപ്പോള്‍ ചത്തൊടുങ്ങിയ മൃഗങ്ങളുടേതാണ്. കാട്ടു തീ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളും ഏതാണ്ട് വ്യാജം തന്നെ. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇതേ ചിത്രം ഉപയോഗിച്ച് വാര്‍ത്തകള്‍ നല്‍കിയതോടെയാണ് ചിത്രങ്ങള്‍ വ്യാജമാണോയെന്ന് പരിശോധിക്കാന്‍ തേജസ് ന്യൂസ് ശ്രമിച്ചത്. തുടര്‍ന്ന് ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലൂടെ ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് പല വര്‍ഷങ്ങളിലായി എടുത്ത പല പ്രദേശങ്ങളിലുള്ള ചിത്രങ്ങളാണെന്ന് മനസ്സിലായത്. മലേഷ്യ, ഇന്തോനീസ്യന്‍ കാടുകളില്‍ മാത്രം കാണപ്പെടുന്ന ഒറാങ് ഉട്ടാന്റെ കത്തിക്കരിഞ്ഞ ജഡം കണ്ടതോടെ ഇന്ത്യന്‍ കാടുകളില്‍ ഒറാങ് ഉട്ടാന്റെ സാന്നിധ്യം ഇല്ലെന്ന് മനസ്സിലാക്കി പലരും വ്യാജപ്രചാരണങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയകളില്‍ ഒറ്റപ്പെട്ട പ്രതികരണങ്ങളും നടത്തിയിരുന്നു.