വംശനാശം സംഭവിച്ചത് 873 ജീവി വര്‍ഗങ്ങള്‍ക്ക്; ആശങ്ക പരത്തി ചുവന്ന പട്ടിക

മൊത്തം 105,732 സ്പീഷീസുകളുടെ കണക്കെടുത്തപ്പോള്‍ 28,000 സ്പീഷീസുകള്‍ വ്യാപക വംശനാശ ഭീഷണി നേരിടുന്നതായി കണ്ടെത്തി. പതിവുപോലെ മനുഷ്യന്റെ ഇടപെടലാണ് ജീവി വര്‍ഗങ്ങളുടെ നാശത്തിന് കാരണമെന്ന് ഐയുസിഎന്‍ വ്യക്തമാക്കുന്നുണ്ട്.

Update: 2019-07-18 16:17 GMT
ശാസ്ത്ര ലോകത്തെ ഞെട്ടിക്കുന്നതാണ് ഐയുസിഎന്‍(International Union for Conservation of Na-ture) ഇത്തവണ പുറത്ത് വിട്ട ചുവന്ന പട്ടിക(റെഡ് ലിസ്റ്റ്). 873 ജീവി വര്‍ഗങ്ങളാണ് പുതുക്കിയ ചുവന്ന ലിസ്റ്റ് പ്രകാരം വംശനാശം സംഭവിച്ച ജീവികളുടെ എണ്ണം. 73 സ്പീഷീസുകള്‍ വന്യതയില്‍ നാശം സംഭവിച്ചതായും, 6,127 സ്പീഷീസുകള്‍ വംശ നാശത്തിന്റെ വക്കില്‍ നില്‍കുന്നതായും പുതിയ കണക്കുകള്‍ പറയുന്നു.

പ്രകൃതിയുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന ഐയുസിഎന്‍ പുതുക്കി പ്രസിദ്ധീകരിച്ച പട്ടികയിലാണ് ആശാവഹമല്ലാത്ത കണക്കുകള്‍ ഇടം പിടിച്ചത്. മൊത്തം കണക്കെടുത്ത സ്പീഷീസുകളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു എന്നത് ഈ വര്‍ഷം പുതുക്കിയ ലിസ്റ്റിന്റെ പ്രത്യേകതയാണ്.

മൊത്തം 105,732 സ്പീഷീസുകളുടെ കണക്കെടുത്തപ്പോള്‍ 28,000 സ്പീഷീസുകള്‍ വ്യാപക വംശനാശ ഭീഷണി നേരിടുന്നതായി കണ്ടെത്തി. പതിവുപോലെ മനുഷ്യന്റെ ഇടപെടലാണ് ജീവി വര്‍ഗങ്ങളുടെ നാശത്തിന് കാരണമെന്ന് ഐയുസിഎന്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തവണത്തെ ലിസ്റ്റില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു ഒരെണ്ണം പോലും സ്വന്തം സ്ഥാനത്തിന് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും ഏറെ ആശങ്ക ഉണ്ടാക്കുന്നു.

ഉദാഹരണത്തിന് ചെന്തോപ്പി കുരങ്ങന്‍(Cercocebus torquatsu) വംശ നാശ ഭീഷണി നേരിടാന്‍ സാധ്യത ഉണ്ട് (Vulnerable) എന്ന നിലയില്‍ നിന്നും വംശ നാശ ഭീഷണി നേരിടുന്ന ജീവി എന്ന സ്ഥാനത്തിലേക്ക് പോയിട്ടുണ്ട്. വീട്ടി ഉള്‍പ്പെടെ അയ്യായിരത്തില്‍ പരം സസ്യങ്ങളും 500 ഓളം ആഴക്കടല്‍ ജീവികളും വംശ നാശ ഭീഷണി നേരിടുന്ന സ്ഥാനത്തില്‍ എത്തിയിട്ടുണ്ട്.

സ്പീഷീസുകളെ ശാസ്ത്രീയ അളവ് കോല്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയും അവയെ 8 വ്യത്യസ്ത തരമായി തിരിക്കുകയുമാണ് ഐയുസിഎന്‍ ചെയ്യുന്നത്. വംശ നാശം സംഭവിച്ചവ (Extinct)യില്‍ തുടങ്ങി, ആശങ്കപ്പെടേണ്ടതില്ല (Least Concern) എന്ന നില വരെ അവയുടെ സംരക്ഷണ ആവശ്യമനുസരിച്ചാണ് തരം തിരിവ്.


Tags:    

Similar News