ഹൈദരാബാദ്: തെലുങ്ക് ആക്ഷന്‍ താരം നന്ദമുരി ബാലകൃഷ്ണയുടെ പുതിയ ചിത്രമായ വീരസിംഹ റെഡ്ഡിയുടെ പ്രദര്‍ശനത്തിനിടെ ആരാധകര്‍ സ്ക്രീനിന് തീയിട്ടു. വിശാഖപട്ടണത്തിനടുത്ത് സബ്ബാവാരത്താണ് സംഭവം. ഇതിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ആരാധകരുടെ ആവേശം അതിരുവിട്ടപ്പോഴുണ്ടായ അപകടമാണെന്നാണ് റിപോര്‍ട്ടുകള്‍. തെലുങ്കില്‍ ഏറെ ആരാധകരുള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ.
#VeeraSimhaReddy
— Milagro Movies (@MilagroMovies) January 12, 2023
Safety Patichandi pic.twitter.com/Vg3F10At4T
ബാലകൃഷ്ണയുടെ ഓരോ ചിത്രവും ആഘോഷമാക്കാറുണ്ട് ആരാധകര്‍. എന്നാല്‍, ഇത്തരത്തിലുള്ള ഒരാഘോഷം പ്രദര്‍ശനം തന്നെ മുടക്കിയ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഈ സമയം തിയറ്ററിലുണ്ടായിരുന്നവരെ ഉടനടി ഒഴിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മുമ്പ് അമേരിക്കയില്‍ ആരാധകരുടെ ആവേശത്തില്‍ സിനിമാ പ്രദര്‍ശനങ്ങള്‍ മുടങ്ങിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 42 കോടിയാണ് ഓള് ഇന്ത്യ കലക്ഷനായി ചിത്രം നേടിയത്. ആന്ധ്രാപ്രദേശ് തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും 38.7 കോടിയും കര്‍ണാടകയില്‍ നിന്നും 3.25 കോടിയുമാണ് ചിത്രം ആദ്യ ദിവസം നേടിയത്.
ബാലയ്യയുടെ അഖണ്ഡ ആദ്യ ദിനം നേടിയത് 29.6 കോടിയായിരുന്നു. ആക്ഷന്‍ ചിത്രമായി ഒരുക്കിയ വീരസിംഹറെഡ്ഡിയുടെ രചനയും സംവിധാനവും ഗോപിചന്ദ് മലിനേനിയാണ്. ശ്രുതി ഹാസനാണ് നായിക. മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ വരലക്ഷ്മി ശരത്കുമാര്, ദുനിയ വിജയ്, പി. രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മൈത്രി മൂവീ മേക്കേഴ്സാണ് 'വീരസിംഹ റെഡ്ഡി'യുടെ നിര്‍മാണം.