തിരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ഷകന്‍ ഹൃദയാഘാതം മൂലം മരിച്ചു: വിവരമറിഞ്ഞിട്ടും യോഗം തുടര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കെതിരേ ശക്തമായ പ്രതിഷേധം
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഖന്‍ഡ്വ ജില്ലയില്‍ ബിജെപി തിരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ഷകന്‍ ഹൃദയാഘാതം മൂലം മരിച്ചു. നവംബര്‍ 3ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം വിളിച്ചുചേര്‍ത്ത റാലിയിലാണ് ദാരുമായ സംഭവമുണ്ടായത്. യോഗസ്ഥലത്തുവച്ച് കര്‍ഷകന്‍ മരിച്ച വിവരം അറിഞ്ഞിട്ടും പ്രസംഗം തുടര്‍ന്ന ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നടപടിക്കെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നു.
പുറത്തുവന്ന റിപോര്‍ട്ട് റിപോര്‍ട്ട് അനുസരിച്ച് യോഗം നടക്കുന്ന സ്ഥലത്ത് നിരത്തിയിട്ട കസേരയില്‍ ഇരിക്കുന്നതിനിടയിലാണ് ജീവന്‍ സിങ് എന്ന കര്‍ഷകന് ഹൃദയാഘാതം ഉണ്ടായത്. അവിടെയിരുന്നുതന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. ആ സമയത്ത് ബിജെപി എംഎല്‍എ രാം ഡന്‍കോര്‍ ആണ് പ്രസംഗിച്ചുകൊണ്ടിരുന്നത്. എന്നാല്‍ കര്‍ഷകന്‍ മരിച്ചതറിഞ്ഞിട്ടും അടുത്തതായി സംസാരിക്കേണ്ട ജ്യോതിരാദിത്യ സിന്ധ്യ യോഗം നിര്‍ത്തിവയ്ക്കാന്‍ തയ്യാറായില്ല. കര്‍ഷകന്‍ കസേരയില്‍ മരിച്ചിരിക്കുന്ന സമയത്തുതന്നെ യോഗം തുടരുന്ന വീഡിയോ വൈറലായിരിക്കുകയാണ്. മരിച്ച കര്‍ഷകനെ ചിത്രീകരിച്ച വീഡിയോയുടെ പശ്ചാത്തലത്തില്‍ സിന്ധ്യയുടെ പ്രസംഗം വ്യക്തമായി കേള്‍ക്കാം. ബിജെപിക്കാര്‍ക്ക് ജനങ്ങളെ പേടിയില്ലെങ്കില്‍ ദൈവത്തെയെങ്കിലും പേടിക്കണമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
സംഭവം അറിഞ്ഞയുടന്‍ താന്‍ യോഗം നിര്‍ത്തിയെന്നും ഒരു മിനിറ്റ് മൗനമാചരിച്ചെന്നും സിന്ധ്യ പിന്നീട് റിപോര്‍ട്ടര്‍മാരോട് പറഞ്ഞു. ഏത് വിഷയവും രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഖന്‍ഡ്വ ജില്ലയില്‍ ചന്‍ഡ്പൂര്‍ ഗ്രാമത്തിലെ കര്‍ഷകനാണ് 70 വയസ്സുള്ള ജീവന്‍ സിങെന്ന് മുണ്ടി പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് അന്റിം പവാര്‍ പറഞ്ഞു.