'ഇന്ത്യക്കാര്‍ക്ക് ഭക്ഷണവും അഭയവും നല്‍കിയത് നിങ്ങളല്ല, ഞങ്ങളാണ്'; ക്രഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ച ജ്യോതിരാദിത്യ സിന്ധ്യക്കു നേരെ പൊട്ടിത്തെറിച്ച് റൊമാനിയന്‍ മേയര്‍
'ന്യൂഡല്‍ഹി; യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരേ റൊമാനിയന്‍ മേയര്‍ പൊട്ടിത്തെറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാരിന്റെ പിആര്‍ പരിപാടിയാക്കി മാറ്റാനുള്ള ശ്രമമാണ് മേയറുടെ ഇടപെലോടെ തകര്‍ന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ അതിരുവിട്ട അവകാശവാദമാണ് റൊമാനിയന്‍ മേയറെ പ്രകോപിതനാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഭക്ഷണവും അഭയവും ഒരുക്കിയത് തങ്ങളാണെന്ന് മേയര്‍ മന്ത്രിയോട് രൂക്ഷമായി പ്രതികരിച്ചു.
സിന്ധ്യ റൊമാനിയയിലെ ഒരു അഭയകേന്ദ്രത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. അപ്പോഴാണ് അഭയമൊരുക്കിയത് തങ്ങളാണെന്ന മട്ടില്‍ മന്ത്രി സംസാരിച്ചത്. ഇത് കേട്ടതോടെ മേയര്‍ പ്രകോപിതനായി.
ഇവര്‍ക്ക് എപ്പോള്‍ നാട്ടിലേക്ക് പോകാനാവുമെന്ന് പറയാന്‍ മേയര്‍ ആവശ്യപ്പെട്ടു. തനിക്ക് അതിനെക്കുറിച്ച് പറയാനാവില്ലെന്ന് സിന്ധ്യ പറഞ്ഞു. എന്താണ് പറയേണ്ടതെന്ന് താന്‍ തീരുമാനിച്ചോളാമെന്നും അതുവരെ ക്ഷമിക്കാനും സിന്ധ്യ ആവശ്യപ്പെട്ടു.
ഇതോടെ മേയര്‍ രൂക്ഷമായി ഇടപെട്ടു. ഞാനാണ് ഇവര്‍ക്ക് ഭക്ഷണവും അഭയവും നല്‍കിയതെന്നും നിങ്ങളല്ലെന്നും മേയര്‍ പറഞ്ഞു. മേയറുടെ പ്രകടനത്തെ അഭിനന്ദിച്ച് ചില വിദ്യാര്‍ത്ഥികള്‍ കയ്യടിക്കുന്നതും വീഡിയോയിലുണ്ട്.
മേയറുടെ വീഡിയോ നിരവധി പേര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചു.