'ജയ് ശ്രീറാം' വിളിക്കുന്നതില്‍ എന്താണ് തെറ്റ്; മധ്യപ്രദേശ് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യ

നിങ്ങള്‍ മതേതരനാണെങ്കില്‍ ' ജയ് ശ്രീറാം' വിളിക്കുന്നതില്‍ എന്താണ് തെറ്റാണെന്നായിരുന്നു ബിജെപി നേതാവും രാജ്യസഭാ എംപിയും കൂടിയായ സിന്ധ്യയുടെ ചോദ്യം. 'പ്രധാനമന്ത്രി ഇന്ത്യയുടെ പ്രധാനമന്ത്രി മാത്രമല്ല, 130 കോടി ഇന്ത്യക്കാരുടെ നേതാവാണ്. 'ജയ് ശ്രീറാം' വിളിക്കുന്നതുകൊണ്ട് എന്താണ് തെറ്റ്. നിങ്ങളൊരു മതേതരവാദിയാണെങ്കില്‍ ജയ് ശ്രീറാം വിളിക്കാന്‍ പാടില്ലേ.

Update: 2020-11-11 06:09 GMT

ഭോപ്പാല്‍: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മികച്ച വിജയം നേടിക്കൊടുത്തതിന് പിന്നാലെ പ്രകോപനപ്രസംഗവുമായി ജ്യോതിരാദിത്യ സിന്ധ്യ. നിങ്ങള്‍ മതേതരനാണെങ്കില്‍ ' ജയ് ശ്രീറാം' വിളിക്കുന്നതില്‍ എന്താണ് തെറ്റാണെന്നായിരുന്നു ബിജെപി നേതാവും രാജ്യസഭാ എംപിയും കൂടിയായ സിന്ധ്യയുടെ ചോദ്യം. 'പ്രധാനമന്ത്രി ഇന്ത്യയുടെ പ്രധാനമന്ത്രി മാത്രമല്ല, 130 കോടി ഇന്ത്യക്കാരുടെ നേതാവാണ്. 'ജയ് ശ്രീറാം' വിളിക്കുന്നതുകൊണ്ട് എന്താണ് തെറ്റ്. നിങ്ങളൊരു മതേതരവാദിയാണെങ്കില്‍ ജയ് ശ്രീറാം വിളിക്കാന്‍ പാടില്ലേ.

തുക്‌ഡേ തുക്‌ഡേ സംഘത്തെക്കുറിച്ചാണെങ്കില്‍ ഇന്ത്യയുടെ ഐക്യത്തെ വെല്ലുവിളിക്കുന്ന എല്ലാവരും അപലപിക്കപ്പെടണം. നമ്മുടെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കപ്പെടുകയാണെങ്കില്‍, അതിന് ഏറ്റവും കഠിനമായ ശിക്ഷയ്ക്ക് അവര്‍ അര്‍ഹരാണ്' - സിന്ധ്യ പറഞ്ഞു. ബിഹാര്‍ നിയമസഭാ ഉതിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും ജയ് ശ്രീറാം, അയോധ്യ രാമക്ഷേത്രം, അര്‍ബന്‍ നക്‌സല്‍ എന്നീ വിഷയങ്ങളിലൂന്നി നടത്തിയ പ്രചാരണങ്ങളെകുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു സിന്ധ്യയുടെ ഈ പ്രതികരണം.

'ഞാനൊരു എളിയ പ്രവര്‍ത്തകന്‍ മാത്രമാണ്. അതാണ് എന്റെ ഉത്തരവാദിത്തം. താനെല്ലായ്‌പ്പോഴും ഗ്രൗണ്ടിലിറങ്ങി പ്രവര്‍ത്തിക്കുന്നയാളാണ്. അതിന് പ്രതിഫലമായി ഒരു സ്ഥാനവും താനാഗ്രഹിക്കുന്നില്ല. ചില കോണ്‍ഗ്രസ് നേതാക്കളെ പോലെ അധികാരത്തിനായുള്ള മല്‍സത്തിന് ഞാനില്ല. അവരുടെ പേര് പറയാന്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല- ബിജെപിയില്‍ ഏതെങ്കിലും പദവി ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. രണ്ടുപതിറ്റാണ്ട് കാലം പ്രവര്‍ത്തിച്ച പാര്‍ട്ടിയില്‍നിന്നും മറുവശത്തെത്തുമ്പോള്‍ കാര്യങ്ങളുമായി പൊരുത്തപ്പെട്ടുപോവാന്‍ പ്രയാസപ്പെട്ടെങ്കിലും തന്നോട് സഹകരിച്ച ബിജെപി നേതാക്കളെ അദ്ദേഹം നന്ദി അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അബദ്ധത്തില്‍ കൈപ്പത്തിക്ക് വോട്ടുചെയ്യാന്‍ അഭ്യര്‍ഥിച്ച് പോയ സിന്ധ്യയുടെ വീഡിയോ വൈറലായിരുന്നു. ഒരു സംഘടനയില്‍നിന്ന് മറ്റൊന്നിലേക്ക് പോവുമ്പോള്‍ അവിടുത്തെ കാര്യങ്ങള്‍ സ്വാംശീകരിക്കാന്‍ സമയമെടുക്കുമെന്നായിരുന്നു സിന്ധ്യയുടെ പ്രതികരണം. 15 വര്‍ഷം അധികാരത്തിന് വെളിയില്‍നിന്നതിന് ശേഷം രൂപീകരിക്കപ്പെട്ട സര്‍ക്കാറിന് ആറ് മന്ത്രിമാരടക്കം 22 പേരുടെ വിശ്വാസം നഷ്ടപ്പെട്ട സംഭവം ആദ്യമായിട്ടായിരിക്കും. അതായിരുന്നു കമല്‍നാഥ് സര്‍ക്കാര്‍. സാംസ്‌കാരികയോഗ്യത എന്നത് വളരെ പ്രധാനമാണ്. ഇല്ലെങ്കില്‍ കൂട്ടായ്മ ഒരു പരാജയമാണ്. ബിജെപിയിലെ എല്ലാവരും അതിനായി പ്രവര്‍ത്തിച്ചു. അതിന്റെ ഫലം നിങ്ങള്‍ ഇപ്പോള്‍ കാണുന്നുവെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News