ഇമാമിന്റെ മകനെ തോക്ക് ചൂണ്ടി 'ജയ് ശ്രീറാം' വിളിപ്പിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍
മൂന്നാം പ്രതിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പള്ളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇമാമിന്റെ മകനെ തടഞ്ഞുവച്ച് തോക്ക് ചൂണ്ടി 'ജയ് ശ്രീറാം' വിളിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. 'ജയ് ശ്രീറാം' വിളിച്ചില്ലെങ്കില്‍ കൊല്ലുമെന്നും അക്രമികള്‍ ഭീഷണി മുഴക്കി. ഖാസി ഹബീബ് റഹമാന്റെ മകന്‍ മുജീബ് റഹ്‌മാനാണ് ആക്രമിക്കപ്പെട്ടത്. പരാതി ലഭിച്ചിട്ടും അടുത്തദിവസമാണ് പോലീസ് കേസെടുത്തതെന്ന ആക്ഷേപമുണ്ട്. മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് മുജീബ് റഹ്‌മാന്റെ പരാതിയില്‍ പറയുന്നത്.
കേസില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. രാഹുല്‍കുമാര്‍, ജിതേന്ദ്രകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായും മൂന്നാമനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷണല്‍ പൊലീസ് സുപ്രണ്ട് മനീഷ് മിശ്ര പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞതെന്നാണ് സൂചന. മൂന്നാം പ്രതിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.