കര്‍ഷകപ്രക്ഷോഭം: ദലിത് തൊഴിലാളി സംഘടനാ ആക്റ്റിവിസ്റ്റ് നൗദീപ് കൗറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭത്തില്‍ പിന്തുണ അര്‍പ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഒരു മാസമായി തടവില്‍ കഴിയുന്ന നവ്ദീപ് കൗറിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നു. 23 വയസ്സുള്ള നവ്ദീപ് കൗറിനെതിരേ വധശ്രമം, പണംതട്ടല്‍ തുടങ്ങിയ കേസുകളാണ് സര്‍ക്കാര്‍ ചുമത്തിയിട്ടുള്ളത്. രണ്ട് തവണ ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.
സിംഘുവിലെ അതിര്‍ത്തിയിലാണ് ആയിരക്കണക്കിനു കര്‍ഷകര്‍ക്കൊപ്പം നവ്ദീപും സമരരംഗത്തിറങ്ങിയത്. സിംഘുവില്‍ കൗര്‍ പ്രസംഗിക്കുകയും ചെയ്തു. കസ്റ്റഡിയിലിരിക്കെ നവ്ദീപിനെ പോലിസ് ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന റിപോര്‍ട്ടും പുറത്തുവന്നിരുന്നു. കൗറിന്റെ മാതാവുതന്നെയാണ് വിവരം പറത്തെത്തിച്ചത്.
ഫെബ്രുവരി 2നും 8നും രണ്ട് തവണ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. രണ്ടും നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഇന്ന് സുപ്രിംകോടതിയെ സമീപിക്കുന്നത്.
ഡല്‍ഹിയിലെ കുണ്ട്‌ലി വ്യവസായ മേഖലയില്‍ തൊഴിലാളികള്‍ക്കിടയിലാണ് നവ്ദീപ് കൗര്‍ പ്രവര്‍ത്തിക്കുന്നത്. ജനുവരി 12ാം തിയ്യതി ശരന്‍ ഇലക്‌മെക് കമ്പനിക്കുമുന്നില്‍ പ്രകടനം നടത്തിയതിനെത്തുടര്‍ന്നാണ് ജനുവരി 12ന് പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
കൗറിന്റെ മോചനമാവശ്യപ്പെട്ട് യുഎസ് വൈസ് പ്രസിഡന്റിന്റെ കമല ഹാരിസിന്റെ ബന്ധു മീനാ ഹാരിസ് രംഗത്തുവന്നതോടെ നവ്ദീപിന്റെ അറസ്റ്റിന് അന്താരാഷ്ട്രമായ മാനം കൈവന്നിരുന്നു.