കര്‍ഷക പ്രക്ഷോഭം: നാളത്തെ ചര്‍ച്ച ഒഴിവാക്കി; പകരം സര്‍ക്കാറിന്റെ പരിഹാര നിര്‍ദേശം അറിയിക്കും
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് സമരസമിതി നേതാക്കളുമായി അഭ്യന്തരവകുപ്പു മന്ത്രി അമിത്ഷാ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ല. സര്‍ക്കാറിന്റെ പരിഹാര നിര്‍ദേശം നാളെ അറിയിക്കുമെന്നും ഇത് ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊല്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാളത്തെ ചര്‍ച്ച ഒഴിവാക്കിയിട്ടുമുണ്ട്. സര്‍ക്കാറിന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ യൂണിയനുകള്‍ യോഗം ചേരുമെന്നും മൊല്ല പറഞ്ഞു. ദില്ലിയിലെ പുസയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് (ഐസിഎആര്‍) ഓഫീസിലാണ് അമിത് ഷാ കര്‍ഷക നേതാക്കളെ കണ്ടത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യത്തിന് 'അതെ അല്ലെങ്കില്‍ ഇല്ല' എന്ന ഉത്തരത്തിനായി സമ്മര്‍ദ്ദം ചെലുത്തുമെന്ന് യോഗത്തിന് മുമ്പ് കര്‍ഷക നേതാവ് രുദ്രു സിംഗ് മന്‍സ പറഞ്ഞിരുന്നു.
ഇന്നു നടന്ന ഭാരത് ബന്ദ് വിജയകരമാണെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. സമരം രാംലീല മൈതാനത്തേക്ക് മാറ്റാന്‍ ആലോചിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.