വിളവെടുക്കാനാവാതെ ദുരിതത്തിൽ മുങ്ങി ആവളപ്പാണ്ടിയിലെ കർഷകർ; നശിച്ചു കൊണ്ടിരിക്കുന്നത് ഏക്കറ് കണക്കിനു വരുന്ന നെൽകൃഷി

പേരാമ്പ്ര: ആവളപ്പാണ്ടിയിലെ കനത്ത വെള്ളക്കെട്ടിൽ മുങ്ങി തകർന്ന് കർഷകരുടെ ജീവിത മാർഗം. വെള്ളം കയറി ഏക്കറ് കണക്കിന് വരുന്ന നെൽകൃഷിയാണ് നാശത്തിൻ്റെ വക്കിലെത്തിയത്.

70 ഏക്കറിൽ പകുതിയിൽ മാത്രമാണ് ഇക്കുറി ഇവിടുത്ത കർഷകർ നെല്ല് വിതച്ചത്. എന്നാൽ ഞാറ് നെൽ ചെടിയായപ്പോഴേക്കും വിളവെടുക്കാനാകാത്ത വിധം ഇവിടം വെള്ളം കയറി. ഏകദേശം 35 ഏക്കറോളം പാടം വെള്ളത്തിൽ മുങ്ങി.
ആവളപ്പാണ്ടിയിലെ കുണ്ടൂർ മുഴിതോട് നിർമ്മാണത്തിൽ വന്ന അപാകതയാണ് ഈ ദുരന്തത്തിനു കാരണമെന്ന് കർഷകർ പറയുന്നു. ഇത് വെള്ളം കെട്ടി നിൽക്കുന്നതിനു കാരണമായി. പാടശേഖരത്തിനു നടുവിലൂടെയുണ്ടായ ഗെയ്ൽ പൈപ്പ് നിർമ്മാണവും പാടത്ത് എറെ തടസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാം വൃത്തിയാക്കാൻ അധികൃതരോടു പറഞ്ഞിട്ടും നടപടിയില്ലാത്തത് കൂടുതൽ ദുരിതം സൃഷ്ടിക്കുകയാണ്.

ഇക്കഴിഞ്ഞ ദിവസം കർഷകർ ടിപി രാമകൃഷ്ണൻ എംഎൽഎ ക്കു പരിഹാരം ആവശ്യപ്പെട്ട് നിവേദനം നൽകി. ഇതു പ്രകാരം തോട്ടിലെ മാലിന്യങ്ങൾ തടയാനും കുറ്റ്യാടി ഇറിഗേഷൻ കനാലിൻ്റെ ചോർച്ച തടയാനും ധാരണയായിട്ടുണ്ടെന്നും എന്നാൽ ഇത് അടിയന്തിര പ്രാധാന്യത്തോടെ ചെയ്തില്ലെങ്കിൽ ലോണെടുത്ത് കൃഷിയിറക്കിയ തങ്ങളുടെ ജീവിതം തന്നെ വെള്ളത്തിലാകുമെന്നും കർഷകർ അടിവരയിടുന്നു.