ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം വീണ്ടും ശക്തമാക്കുമെന്ന് കര്‍ഷകര്‍

ജനുവരി നാലിന് നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ജനുവരി ആറിന് കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തും

Update: 2021-01-01 18:31 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി തിങ്കളാഴ്ച നടത്തുന്ന ചര്‍ച്ചയും പരാജയപ്പെടുകയാണെങ്കില്‍ സമരം ഇനിയും ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍.വിവാദമായ മൂന്നു നിയമങ്ങളും പിന്‍വലിക്കുക, താങ്ങുവില സംബന്ധിച്ച് നിയമസാധുതയുള്ള ഉറപ്പ് നല്‍കുക എന്നീ ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും അവ അംഗീകരിക്കാത്തപക്ഷം സമരം കൂടുതല്‍ ശക്തമാക്കുമെന്നും കര്‍ഷക സംഘടനകള്‍ വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.


കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് ജെയ് കിസാന്‍ ആന്ദോളന്‍ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. 50 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചുവെന്ന വാദം അടിസ്ഥാന രഹിതമാണ്. രണ്ട് പ്രധാന ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടില്ല. താങ്ങുവില സംബന്ധിച്ച ഉറപ്പ് നല്‍കുന്നകാര്യം കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടു പോലുമില്ല സിന്‍ഹു അതിര്‍ത്തിയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ യോഗേന്ദ്ര യാദവ് പറഞ്ഞു.


ജനുവരി നാലിന് നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ജനുവരി ആറിന് കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തും. ഡിസംബര്‍ 31 ന് ട്രാക്ടര്‍ മാര്‍ച്ച് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ഡിസംബര്‍ 30 ന് നടക്കുന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാറ്റിവെക്കുകയായിരുന്നു. തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയുടെ വിജയമോ പരാജയമോ ആയിരിക്കും പ്രക്ഷോഭത്തിന്റെ ഭാവി നിശ്ചയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News