കര്‍ഷക സമരം: വില നിര്‍ണയിക്കുന്നതില്‍ പങ്കില്ലെന്ന വിശദീകരണവുമായി അദാനി ഗ്രൂപ്പ്

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എഫ്.സി.ഐ)ക്ക് വേണ്ടി ധാന്യവിളകള്‍ സംഭരിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. എത്ര അളവില്‍ ധാന്യവിളകള്‍ സംഭരിക്കണം, എന്ത് വില ഈടാക്കണം എന്ന് തീരുമാനിക്കുന്നത് എഫ്.സി.ഐ ആണ്.

Update: 2020-12-10 05:47 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരേ കര്‍ഷക പ്രക്ഷോഭം രൂക്ഷമാകുകയും സമരം കുത്തക കമ്പനികള്‍ക്കെതിരെ തിരിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി അദാനി ഗ്രൂപ്പ്. ധാന്യവിളകള്‍ക്ക് വില നിശ്ചയിക്കുന്നതില്‍ ഒരു പങ്കുമില്ലെന്നും ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമുള്ള വിശദീകരണവുമായിട്ടാണ് കുത്തക കമ്പനിയായ അദാനി ഗ്രൂപ്പ് രംഗത്തുവന്നിട്ടുള്ളത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് ധാന്യവിളകള്‍ വാങ്ങാറില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. കേന്ദ്രം കര്‍ഷക നിയമങ്ങള്‍ കൊണ്ടുവന്നത് അംബാനി, അദാനി ഗ്രൂപ്പുകള്‍ക്ക് വേണ്ടിയാണെന്ന ആരോപണം കര്‍ഷകര്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിന്റെ വെളിപ്പെടുത്തലുകള്‍.


ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എഫ്.സി.ഐ)ക്ക് വേണ്ടി ധാന്യവിളകള്‍ സംഭരിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. എത്ര അളവില്‍ ധാന്യവിളകള്‍ സംഭരിക്കണം, എന്ത് വില ഈടാക്കണം എന്ന് തീരുമാനിക്കുന്നത് എഫ്.സി.ഐ ആണ്. സംഭരണശാലകള്‍ വിപുലീകരിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുകയുമാണ് ചെയ്യുന്നതെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.


'2005 മുതല്‍ എഫ്‌സിഐക്കായി സംഭരണശാലകള്‍ ഒരുക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. കേന്ദ്രത്തിന്റെ സുതാര്യമായ ടെണ്ടര്‍ നേടിയ ശേഷമാണ് സംഭരണശാലകള്‍ തയ്യാറാക്കുന്നത്. ഈ ടെണ്ടറുകളുടെ ഭാഗമായി നിര്‍മിച്ച സ്വകാര്യ റെയില്‍ ലൈനുകള്‍ സംഭരണശാലകളില്‍ നിന്ന് സുഗമമായ ചരക്കുനീക്കം നടത്തുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനും വേണ്ടിയുളളതാണ്. ' അദാനി ഗ്രൂപ്പ് വിശദീകരിച്ചു.




Tags:    

Similar News