ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നിഷേധാത്മക സമീപനത്തിനിടയില്‍ കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നു. നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് കര്‍ഷകര്‍ 'ദേശ് ജാഗരണ്‍ അഭിയാന്‍' ആരംഭിക്കുമെന്ന് ് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ഏഴിന് ഡല്‍ഹിയില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തും. റിപ്പബ്ലിക് ദിനത്തിന് നടത്താനിരിക്കുന്ന സമരത്തിന്റെ 'ട്രെയിലര്‍' ആയിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ഏഴിന്റെ ട്രാക്ടര്‍ മാര്‍ച്ച് ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പെടെയാണ് നടത്തുക. ജനുവരി 25, 25 തീയതികളില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 18 'മഹിളാ കിസാന്‍ ദിവസ്' ആയും, സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായി ജനുവരി 23 'ആസാദ് ഹിന്ദ് കിസാന്‍' ആയും ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.