കര്‍ഷക സമരം: ചര്‍ച്ചക്ക് തയ്യാറാണെന്ന് കര്‍ഷക സംഘടനകള്‍; അജണ്ടകള്‍ പ്രഖ്യാപിച്ചു

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

Update: 2020-12-26 14:05 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ചക്ക് തയാറാണെന്ന് സമരത്തിലുള്ള കര്‍ഷക സംഘടനകള്‍. 29ന് ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ച സംയുക്ത കിസാന്‍ മോര്‍ച്ച, കേന്ദ്ര സര്‍ക്കാര്‍ തെറ്റിദ്ധാരണ പരത്തുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കര്‍ഷകര്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 24ന് കത്തു നല്‍കിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് 29ന് ചര്‍ച്ചക്ക് തയ്യാറാണെന്ന് കര്‍ഷകരുടെ സംയുക്ത സംഘടനയായ കിസാന്‍ മോര്‍ച്ച അറിയിച്ചത്. എല്ലാ ചര്‍ച്ചകളിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. ഭേദഗതിയാണ് ആവശ്യപ്പെടുന്നതെന്ന സര്‍ക്കാര്‍ പ്രചരണ ംഅവസാനിപ്പിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.


ചര്‍ച്ചക്കു മുന്നോടിയായി പ്രധാന അജണ്ടകളും സംഘടന നിര്‍ദേശിച്ചു. പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍, താങ്ങുവിലയില്‍ ഉള്ള രേഖാമൂലമുള്ള ഉറപ്പിന്റെ നടപടിക്രമവും വ്യവസ്ഥകളും, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നിവയാണ് കര്‍ഷകര്‍ നിശ്ചയിച്ച അജണ്ട. കേന്ദ്രവും കര്‍ഷക സംഘടനകളും തമ്മില്‍ നേരത്തെ നടന്ന അഞ്ച് ചര്‍ച്ചകളും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.




Tags:    

Similar News