കര്‍ഷക സമരം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും; മുന്നറിയിപ്പുമായി രാകേഷ് ടിക്കായത്ത്
ന്യൂഡല്‍ഹി: ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രതിഷേധം കൂടുതല്‍ ശക്തവും രൂക്ഷവുമാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടേയും ഭാരതീയ കിസാന്‍ യൂനിയന്റെയും നേതാവ് രാകേഷ് ടിക്കായത്ത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പൂര്‍വാഞ്ജല്‍ പ്രദേശത്തേക്ക് സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ലഖ്‌നോവില്‍ നടക്കാനിരിക്കുന്ന കിസാന്‍ മഹാപഞ്ചായത്ത് ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 22നാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ ലഖ്‌നോവിലെ മഹാപഞ്ചായത്ത് നടക്കുന്നത്. നവംബര്‍ 27ന് ശേഷം ഡല്‍ഹി അതിര്‍ത്തിയിലേക്ക് ആയിരക്കണക്കിന് ട്രാക്റ്ററുകളെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് ഡല്‍ഹി അതിര്‍ത്തിയില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ പ്രതിഷേധം തുടങ്ങിയത്. പ്രഥമിക ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായെങ്കിലും പിന്നീട് പിന്‍മാറി.
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമം കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരും കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണെന്നുമാണ് ആരോപണം.