കര്‍ഷക സമരം ഇന്ന് അവസാനിപ്പിക്കും; മണ്ണിന്റെ രാജാക്കള്‍ ഡല്‍ഹി വിടുന്നത് അഹങ്കാരികളെ ചുരുട്ടിക്കൂട്ടി

മൂന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാമെന്ന് പ്രധാന മന്ത്രി പ്രഖ്യാപിച്ചിട്ടും കര്‍ഷകര്‍ സമരം നിര്‍ത്താന്‍ തയ്യാറല്ലായിരുന്നു. പാര്‍ലമെന്റില്‍ ബില്ല് പിന്‍വലിച്ച ശേഷം രണ്ടുഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമരം അവസാനിപ്പിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചത്

Update: 2021-12-11 01:28 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിച്ച് മണ്ണിന്റെ രാജാക്കന്മാര്‍ ഇന്ന് ഡല്‍ഹി വിടുന്നത് അഹങ്കാരികളുടെ അധികാര മുഷ്‌ക്കിനെ ചുരുട്ടിക്കൂട്ടിയ ശേഷം. സിംഘു, തിക്രി, ഗാസിപുര്‍ അതിര്‍ത്തികളിലെ ഉപരോധം കര്‍ഷകര്‍ ഇന്ന് ഔദ്യോഗികമായി അവസാനിപ്പിക്കുകയാണ്. ഒരു വര്‍ഷം നീണ്ടു നിന്ന സമരം ലക്ഷ്യം കണ്ടതിന്റെ ആഹ്‌ളാദത്തില്‍ രാജ്യമെങ്ങും കര്‍ഷകര്‍ വിജയദിനമായി ആഘോഷിക്കും. വിവാദ കാര്‍ഷികബില്ല് പിന്‍ വലിച്ചതടക്കം കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍വെച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാന്‍ സംയുക്ത മോര്‍ച്ച സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്.ഇന്ന് സമരഭൂമികളില്‍ നടക്കുന്ന മാര്‍ച്ചിനുശേഷമായിരിക്കും കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങുക. കഴിഞ്ഞ മഞ്ഞു കാലത്ത് സമരതീക്ഷണതയുടെ ഭാഗമായി ഉയര്‍ന്ന താത്കാലിക സമര പന്തലുകളും ടെന്റുകളും പൊളിച്ചു മാറ്റി തുടങ്ങി.


ഇന്ന് റാലി അവാസിനിക്കുന്നതോടെ അവശേഷിക്കുന്നവ കൂടി പൊളിച്ച് നീക്കും. കര്‍ഷകര്‍ക്ക് സമരപന്തലുകള്‍ ഒഴിയാന്‍ ഈ മാസം 15 വരെ ഹരിയാന, യുപി സര്‍ക്കാറുകള്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. അതിര്‍ത്തികളിലെ സമരം അവസാനിപ്പിച്ചതായുള്ള കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിംഘു, തിക്രി, ഗാസിപുര്‍ അതിര്‍ത്തികളില്‍ കര്‍ഷകര്‍ ടെന്റ്റുകള്‍ നേരത്തെ തന്നെ പൊളിച്ചു തുടങ്ങിയിരുന്നു. ഇന്നു പിരിഞ്ഞു പോകുമെങ്കിലും സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താന്‍ കിസാന്‍ മോര്‍ച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും.


സമരത്തിനിടെ 600 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പ്പാലിക്കപ്പെടുമെന്നാണ് കര്‍ഷക നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. മിനിമം താങ്ങു വില നിശ്ചയിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. കര്‍ഷക വിരുദ്ധമെന്ന് ആരോപണമുയര്‍ന്ന മൂന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാമെന്ന് പ്രധാന മന്ത്രി പ്രഖ്യാപിച്ചിട്ടും കര്‍ഷകര്‍ സമരം നിര്‍ത്താന്‍ തയ്യാറല്ലായിരുന്നു. പാര്‍ലമെന്റില്‍ ബില്ല് പിന്‍വലിച്ച ശേഷം കര്‍ഷകരുമായി രണ്ടുഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമരം അവസാനിപ്പിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ തീരുമാനിച്ചത്.


കര്‍ഷകര്‍ സമരപന്തല്‍ വിട്ടാല്‍ സിംഘു, തിക്രി, ഗാസിപുര്‍ അതിര്‍ത്തികളിലെ ബാരിക്കേഡുകള്‍ പോലിസ് മാറ്റും. ഒരുവര്‍ഷമായി ഇവിടെ ബാരിക്കേഡുകള്‍ വച്ച് പ്രതിരോധം തീര്‍ത്തിരക്കുകയാണ് ഡല്‍ഹി പോലിസ്.അതിര്‍ത്തികളില്‍ വിന്യസിച്ച പോലിസുകാരുടെ എണ്ണത്തില്‍ നിലവില്‍ കുറവ് വരുത്തിയിട്ടുണ്ട്. കൃഷി മന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ കേന്ദ്രത്തിന്റെ രേഖമൂലമുള്ള ഉറപ്പുകളടങ്ങിയ കത്ത് കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം കൈമാറി. കര്‍ഷകര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങളില്‍ അഞ്ച് കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.


ഈക്കാര്യങ്ങള്‍ നടപ്പിലാക്കുന്നതിലെ പുരോഗതി പരിശോധിക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ച വീണ്ടും യോഗം ചേരുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഒരു വര്‍ഷം നീണ്ട നിന്ന സമരത്തിനിടെ നിരവധി തവണ പോലിസിന്റെ ഇടപെടലുകള്‍ക്ക് കര്‍ഷകര്‍ വിധേയരായിരുന്നു. തോറ്റു പിന്മാറാതെ പിടിച്ചു നിന്നത് കര്‍ഷകരുടെ ആത്മവീര്യം കൊണ്ടു മാത്രമാണ്. വിദൂര ഗ്രാമങ്ങളില്‍ നിന്ന് ഊഴമിട്ട് സമര പന്തലിലെത്തി താമസിച്ച് സമരത്തിന്റെ തീക്ഷണത ചോരാതെ സജീവമാക്കിയ കര്‍ഷകര്‍ രാജ്യത്തിന്റെ അഭിമാനത്തെയും ജനാധിപത്യ സമരങ്ങളുടെ വിജയപ്രതീക്ഷകളെയും കൂടുതല്‍ പ്രകാശിപ്പിച്ചിരിക്കുകയാണ്.

Tags:    

Similar News