സ്വത്തു തര്‍ക്കത്തില്‍ മകനെ ക്വട്ടേഷന്‍ നല്‍കി കൊല്ലിച്ച പിതാവ് അറസ്റ്റില്‍
ജനുവരി 12ന് മകനെ കാണാനില്ലെന്ന് കേശവ തന്നെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
ബെംഗളുരു: സ്വത്തുതര്‍ക്കം കാരണം മകനെ 3 ലക്ഷം രൂപ കൊട്ടേഷന്‍ നല്‍കി കൊല്ലിച്ച പിതാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ ബി വി കേശവയാണ് അറസ്റ്റിലായത്. മകന്‍ കൗശല്‍ പ്രസാദ് സ്വത്തിനു വേണ്ടി പ്രശ്‌നമുണ്ടാക്കുകയും അമ്മയെ തല്ലുന്നതും പതിവായതോടെയാണ് മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു.
ജനുവരി 12ന് മകനെ കാണാനില്ലെന്ന് കേശവ തന്നെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.ജനുവരി 10 മുതല്‍ കൗശലിനെ കാണാനില്ലെന്നായിരുന്നു ബിസിനസുകാരനായ കേശവയുടെ പരാതി. ഐടി വിദഗ്ധനായ മകന്‍ കൂട്ടുകാരുമൊത്ത് കാറില്‍ കയറി പോകുന്നതാണ് അവസാനമായി കണ്ടതെന്നും പോകുന്നതിനു മുന്‍പ് ഫോണ്‍ ഇളയ സഹോദരനു കൈമാറിയിരുന്നു എന്നും പരാതിയില്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ എലിമല്ലപ്പ തടാകത്തില്‍ നിന്ന് കൗശല്‍ പ്രസാദിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടത്തി.
ഇതോടെയാണ് കൊലപാതക്കേസ് രജിസ്റ്റ്ര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. സിസിടിവി ദൃശ്യങ്ങളിലൂടെ മൃതദേഹം എത്തിച്ച വാഹനം തിരിച്ചറിഞ്ഞ പൊലീസ് വാഹന ഉടമകളുടെ വിവരങ്ങളും കണ്ടെത്തി. കാര്‍ എലിമല്ലപ്പ തടാകത്തിലേക്ക് പോകുന്ന ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. വാഹന ഉമടകളെ പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. അതോടെയാണ് യുവാവിന്റെ മരണത്തില്‍ പിതാവിന്റെ പങ്ക് തെളിഞ്ഞത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തി. 3 ലക്ഷം രൂപ നല്‍കി പിതാവ് തന്നെയാണ് മകനെ കൊല്ലാന്‍ കൊട്ടേഷന്‍ നല്‍കിയതെന്ന് ഇവര്‍ മൊഴി നല്‍കി. മുന്‍കൂറായി ഒരു ലക്ഷം രൂപ നല്‍കി എന്നും പ്രതികള്‍ പറഞ്ഞു.