ഫാത്തിമ ലത്തീഫിന്റെ മരണം:ചെന്നൈ ഐഐടിയില്‍ മത വിവേചനമെന്ന് സിബിഐ തെളിവെടുപ്പില്‍ മാതാപിതാക്കള്‍
രാവിലെ 10 മണിയോടെ വീട്ടിലെത്തിയ അന്വേഷണ സംഘം മാതാപിതാക്കള്‍ക്കു പുറമെ ഫാത്തിമയുടെ ഇരട്ട സഹോദരി ഐഷു ലത്തീഫ്, ഇളയ സഹോദരി മറിയം ലത്തീഫ്, മുന്‍ കൊല്ലം മേയര്‍ അഡ്വ.രാജേന്ദ്രബാബു എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി
കൊല്ലം: ചെന്നൈ ഐഐടിയില്‍ മരണപ്പെട്ടതായി കാണപ്പെട്ട ഫാത്തിമ ലത്തീഫ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം കൊല്ലത്തെത്തി മാതാപിതാക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും മൊഴിരേഖപ്പെടുത്തി. സിബിഐ ചെന്നൈ യൂണിറ്റ് ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്താനെത്തിയത്. അന്വേഷണം വൈകുന്നതായി ആരോപിച്ച് ഫാത്തിമയുടെ പിതാവ് ലത്തീഫ് സിബിഐ ഡയറക്ടര്‍ക്കും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു.
രാവിലെ 10 മണിയോടെ വീട്ടിലെത്തിയ അന്വേഷണ സംഘം മാതാപിതാക്കള്‍ക്കു പുറമെ ഫാത്തിമയുടെ ഇരട്ട സഹോദരി ഐഷു ലത്തീഫ്, ഇളയ സഹോദരി മറിയം ലത്തീഫ്, മുന്‍ കൊല്ലം മേയര്‍ അഡ്വ.രാജേന്ദ്രബാബു എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. മൊഴിയെടുക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയിലും പകര്‍ത്തിയിട്ടുണ്ട്. ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയതല്ലെന്ന് പിതാവ് അബ്ദുല്‍ലത്തീഫ് ആവര്‍ത്തിച്ചു. കഴിഞ്ഞ നവംബറിലാണ് ഐഐടി വിദ്യാര്‍ഥിയായ ഫാത്തിമയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ മാനസികമായി പീഡിപ്പിക്കുന്നതായി ഫാത്തിമ വീട്ടുകാരോട് പറഞ്ഞിരുന്നു. ശിരോവസ്ത്രം ധരിക്കുന്നത് അധ്യാപകന്‍ വിലക്കുകയും ചെയ്തിരുന്നു എന്നായിരുന്നു ആരോപണം. ഫാത്തിമയുടെ മരണത്തിനു പിന്നാലെ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് ഐ ഐ ടിയിലുണ്ടായത്. മകളുടെ ഘാതകരെ പിടികൂടണമെന്ന് രക്ഷിതാക്കള്‍ സിബിഐയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഫാത്തിമയുടെ കുട്ടിക്കാലം,വിദ്യാഭ്യാസം, സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ സിബിഐ ഡിവൈഎസ്പി ചോദിച്ചറിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലുള്ള ഫാത്തിമയുടെ സഹപാഠികളുടെ മൊഴി രേഖപ്പെടുത്തുന്നതും കോവിഡ് വ്യാപനവുമാണ് മൊഴിയെടുക്കുന്നത് വൈകാന്‍ കാരണമെന്ന് സിബിഐ ഫാത്തിമയുടെ കുടുംബത്തെ ബോധിപ്പിച്ചു. സിബിഐ സംഘം 3 ദിവസം വരെ കൊല്ലത്തുണ്ടാകും. ഫാത്തിമ മുമ്പ് പഠിച്ച സ്‌കൂളുകളിലെ അധ്യാപകരുടെ മൊഴിയും ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും.