എട്ട് മിനിറ്റില്‍ ഇന്നലെ സഭാ നടപടികള്‍ അവസാനിപ്പിച്ചതിനെ ന്യായീകരിച്ച് സ്പീക്കര്‍
ഇന്നലെ പ്രതിപക്ഷം സീറ്റില്‍ ഇരിക്കുമ്പോഴാണ് സഭ പിരിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു
തിരുവനന്തപുരം: ഭരണഘടനവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് 8 മിനിറ്റില്‍ ഇന്നലെ നിയമസഭ നടപടികള്‍ അവസാനിപ്പിച്ചതിനെ ന്യായീകരിച്ച് സ്പീക്കര്‍ എം ബി രാജേഷ്. സഭ നടപടി സുഗമമായി മുന്നോട്ട് കൊണ്ട് പോകുന്നതിനു തടസം നേരിട്ടത് കൊണ്ടാണ് ഇന്നലത്തെ നടപടി. ചോദ്യോത്തര വേള തുടര്‍ന്ന് പോകാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് നിര്‍ത്തി വച്ചത്. മുന്‍പും സമാന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ബഹളം കാരണം നടപടി മുന്നോട്ട് കൊണ്ട്‌പോകാനായില്ല. 2013 ഇല്‍ 5 മിനുട്ട് കൊണ്ട് സഭ പിരിഞ്ഞിട്ടുണ്ട്. ഇന്നലത്തേത് അസാധാരണ നടപടി അല്ല. മുന്‍കാലങ്ങളിലും ഇത്തരം കീഴ് വഴക്കം ഉണ്ടെന്നിരിക്കെ അതൊന്നും കണക്കിലെടുക്കാതെ അസാധാരണ നടപടി എന്ന് വിശേഷിപ്പിക്കുന്ന അവസ്ഥയുണ്ടായി. അത് ശരിയല്ല. 10 ആം സഭയുടെ 14 ആം സമ്മേളനത്തിലും തുടര്‍ച്ചയായി സമാന സ്ഥിതി ഉണ്ടായി. മാധ്യമങ്ങളേയും സ്പീക്കര്‍ വിമര്‍ശിച്ചു. ചട്ടവും കീഴ് വഴക്കവും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അത് കണക്കിലെടുത്ത് വേണം മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യാനും ചര്‍ച്ചകള്‍ നടത്താനും. കീഴ് വഴക്കം നോക്കാതെ അസാധാരണ നടപടി എന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇന്നലെ പ്രതിപക്ഷം സീറ്റില്‍ ഇരിക്കുമ്പോഴാണ് സഭ പിരിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു. പ്രതിപക്ഷം നടുത്തളതില്‍ ഇറങ്ങും മുന്‍പാണ് നിര്‍ത്തി വെച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്പീക്കറുടെ റൂളിങ്ങിനെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നുവെന്ന് മന്ത്രി പി രാജീവ് വിമര്‍ശിച്ചു.