'പ്രശ്‌നം വസ്ത്രമാണോ?'; അന്യവല്‍ക്കരിക്കപ്പെടുന്ന ഒരു സമുദായത്തിന്റെ അന്തര്‍ബോധങ്ങള്‍
ലോക്ക് ഡൗണ്‍ ദിനത്തില്‍ അത്യാവശ്യകാര്യത്തിന് കാറില്‍ യാത്ര ചെയ്ത കുടുംബത്തെ ഓച്ചിറയില്‍ ഒരു പോലിസുകാരന്‍ മണിക്കൂറുകളോളം പിടിച്ചുവന്ന സംഭവം വിവാദമായിരിക്കുകയാണ്. മറ്റെല്ലാ വാഹനവും കടത്തിവിടുന്ന പോലിസ് ഉദ്യോഗസ്ഥന്‍ ആ കുടുംബത്തെ മാത്രം പിടിച്ചുവച്ചത് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. അതേ കുറിച്ചാണ് കെ കെ ബാബുരാജ് എഴുതുന്നത്:
പോസ്റ്റിന്റെ പൂര്‍ണരൂപം
കെ കെ ബാബുരാജ്
സിഗ്മണ്ട് ഫ്രോയിഡ് ചെറിയ കുട്ടിയായിരുന്നപ്പോള്‍ അദ്ദേഹത്തെയും കൂട്ടി അമ്മ അടുത്തുള്ള മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ കച്ചവടക്കാരനുമായി ചെറിയ തര്‍ക്കം നടന്നു.
സംസാരത്തിനിടയില്‍ അയാള്‍ പറഞ്ഞു: 'എടി നീ ഇപ്പോള്‍ തര്‍ക്കിച്ചോ. നിന്നെയും നിന്റെ ആള്‍ക്കാരെയും ഈ നാട്ടില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ ഇനി അധിക കാലമില്ല'. ഇതു കേട്ടതോടെ അമ്മ അലമുറയിട്ടു നിലവിളിക്കുകയും ബോധരഹിതയായി വീഴുകയും ചെയ്തു. ജര്‍മ്മനിയുടെ പൊതുബോധത്തില്‍ നിറഞ്ഞു നിന്നിരുന്ന ജൂത വെറുപ്പു വംശീയമായ കൂട്ടക്കൊലകളിലേക്കു എത്തിച്ചേരുന്നതിന്റെ അബോധ സൂചനയായിട്ടാണ് പില്‍ക്കാലത്തു് ഫ്രോയിഡ് ഈ സംഭവത്തെ ഉള്‍കൊണ്ടതെന്നു പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്നലെ, ലോക്ക് ഡൗണില്‍ വഴിയില്‍ തടയപ്പെട്ട ഉമ്മയെയും മക്കളെയും കേരളത്തിലെ മതേതര സമവായത്തില്‍ പുഴുക്കളെപ്പോലെ നുരച്ചു കയറുന്നവരായും അസ്ഥാനത്തു ഇരവാദവും ഇസ്‌ലാമോഫോബിയയും ഉന്നയിച്ച കുത്തിത്തിരുപ്പുകാരായും ചിത്രീകരിക്കാന്‍ പൊതുബോധം വിജയിച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് അണികള്‍ മാത്രമല്ല, അവരുടെ പ്രൊപ്പഗണ്ട ബുദ്ധിജീവികള്‍ ഒന്നടങ്കവും ഇതിനുവേണ്ടി രംഗത്തുണ്ട്.
ഇക്കൂട്ടരോട് ഒന്നു ചോദിക്കാനുള്ളത്; മതിയായ യാത്രാരേഖകളും, ഒപ്പം ചെറിയ കുട്ടിയുമുള്ള, പൊതു ലിബറല്‍ വസ്ത്രം ധരിച്ച, കാറില്‍ സഞ്ചരിക്കുന്ന ഒരു സ്ത്രീയെ ഏതെങ്കിലും പോലിസുകാരന്‍ ഇപ്രകാരം തടഞ്ഞുനിറുത്തുമോ? മറ്റൊരു സ്ഥലത്തും ഉണ്ടാകാത്ത വിധത്തില്‍ അകാരണമായും അന്യായമായും തടഞ്ഞതിനു ശേഷം, വളരെ സമയം കഴിഞ്ഞു ഉദ്യോഗസ്ഥന്റെ ദേഷ്യം കുറഞ്ഞു കാണുമോ എന്ന പ്രതീക്ഷയിലാണ് വീണ്ടും സമീപിച്ചതെന്ന് ആ ഉമ്മ പിന്നീട് പറയുന്നുണ്ട്. അപ്പോഴും മറ്റാരെയും തടഞ്ഞുവെക്കാതെ തങ്ങളുടെ ആവശ്യം നിരസിച്ചപ്പോഴാണ് പ്രശ്‌നം താന്‍ ധരിച്ച വസ്ത്രമാണോ എന്നവര്‍ ചോദിക്കുന്നത്. ഇതിനര്‍ത്ഥം, അവര്‍ കരുതിക്കൂട്ടി ഇസ്‌ലാമോഫോബിയ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക ആയിരുന്നില്ലന്നതാണ്. മറിച്ച് സമൂഹത്തിനുള്ളില്‍ പെരുകുന്ന മുസ് ലിം അന്യവല്‍ക്കരണത്തെ അബോധത്തില്‍ ഉള്‍ക്കൊണ്ടിട്ടാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. ഈ അബോധത്തെ സ്വാഭാവികമായി പിന്‍പറ്റുന്നത് മൂലമാണ് ഉദ്യോഗസ്ഥന്‍ അതെ എന്നു ഉത്തരം പറയുന്നതും.
ആ ഫേസ്ബുക് പോസ്റ്റിട്ട വ്യക്തി കോണ്‍ഗ്രസ് കാരനായിരിക്കാം. അയാളുടെ കുറിപ്പും ഉപരിപ്ലവമാണ്. അതേപോലെ, ആ പോലീസുകാരന്‍ സംഘി ആവണമെന്നുമില്ല. പക്ഷേ, ആ ഉമ്മയുടെ പ്രതികരണങ്ങളില്‍ അനുനിമിഷം അന്യവല്‍ക്കരിക്കപ്പെടുന്ന സമുദായത്തിന്റെ അന്തര്‍ബോധങ്ങള്‍ ഉണ്ടെന്നത് വസ്തുതയാണ്. അതിനെ കേവലമായ കുയുക്തികള്‍ കൊണ്ടുമായ്ച്ചു കളയാവുന്നതല്ല.
കോണ്‍ഗ്രസ്സിന് ഭരണം കിട്ടിയില്ല, ബിജെപിക്ക് സീറ്റുകള്‍ ഒന്നും കിട്ടിയില്ല എന്നെക്കെയാണ് ഫാഷിസവല്‍ക്കരണത്തിനെതിരായ തോതുകളായി മാര്‍ക്‌സിസ്‌റുകാര്‍ പ്രചരിപ്പിക്കുന്നത്. ഇതേസമയം, പോലിസ് സംവിധാനമടക്കം ഭരണകൂടോപാധികളിലും പൊതുബോധത്തിലും മാധ്യമ ഭാവനകളിലും മുസ് ലിംകളോടും ഇതര അരികുജനതകളോടുമുള്ള വെറുപ്പ് സ്ഥാപനവത്കൃതമാകുന്നത് അവര്‍ക്കു വിഷയമല്ല. ഇതിനെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ അവരെ കൃത്രിമ ബുദ്ധി കൊണ്ടും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൊണ്ടും കൈകാര്യം ചെയ്യുക എന്നതിലാണ് അവര്‍ക്കു താല്‍പര്യം.