കുരിയാടി പുറംകടലില്‍ ഫൈബര്‍വള്ളം കടലില്‍ മുങ്ങി; രണ്ട് പേര്‍ മരിച്ചു, ഒരാള്‍ നീന്തി രക്ഷപ്പെട്ടു

Update: 2022-08-25 16:33 GMT

വടകര: കുരിയാടി ആഴക്കടലില്‍ കാറ്റില്‍ അകപ്പെട്ട ഫൈബര്‍ വള്ളം കടലില്‍ത്താണ് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് നിറയെ മല്‍സ്യവുമായി പോകുകയായിരുന്ന വള്ളമാണ് അപകത്തില്‍പ്പെട്ടത്. അഴിയൂര്‍ പൂഴിത്തലയിലെ ചില്ലിപറമ്പില്‍ അസീസ് (45), കണ്ണുക്കര മാടാക്കരയിലെ വലിയപുരയില്‍ അച്യുതന്‍ (56 ) എന്നിവരാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മാടാക്കര സ്വദേശി പുതിയപുരയില്‍ ഷൈജു (41) നീന്തിരക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

മീനുമായി ചോമ്പാല ഹാര്‍ബറിലേക്കുള്ള യാത്രക്കിടെ കരയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ കുരിയാടി പുറംകടലില്‍വച്ചാണ് അപകടം. വളളം കടലില്‍ താണതോടെ നീന്തി കരക്കെത്തിയ ഷൈജുവില്‍ നിന്നും വിവരമറിഞ്ഞ് മല്‍സ്യത്തൊഴിലാളികളാണ് രണ്ട് പേരെ കരക്കെത്തിച്ചത്. ഒരാള്‍ കരക്കെത്തുന്നതിനും മുമ്പും ഒരാള്‍ വടകര സ്വകാര്യ ആശുപത്രിയില്‍വച്ചും മരിച്ചു.

അപകടം നടന്ന് രണ്ട് മണിക്കൂറിനുശേഷമാണ് വിവരം പുറത്തറിയുന്നത്. അതിനുശേഷമാണ് അപകടത്തില്‍പ്പെട്ടവരെ കരക്കെത്തിക്കാനായത്. കാറ്റില്‍ വള്ളം മറിഞ്ഞശേഷവും അതില്‍പിടിച്ച് ദീര്‍ഘനേരം നിന്നെങ്കിലും രക്ഷപ്പെടുത്താന്‍ ആരുമെത്തിയില്ല. വള്ളത്തോടൊപ്പം ഒരാള്‍ മുങ്ങിപ്പോയി. രണ്ട് പേര്‍ കരയിലേക്ക് നീന്തിക്കയറാന്‍ ശ്രമിച്ചു. അതില്‍ ഒരാളെക്കൂടി കടലില്‍ മുങ്ങി കാണാതാവുകയായിരുന്നു.

അച്യുതന്റ ഭാര്യ: മിനി, മക്കള്‍: അശ്വന്ത്, ശിവാനി. മരുമകന്‍: ഷിജിന്‍. സഹോദരങ്ങള്‍: ലക്ഷ്മണന്‍, ഗണേശന്‍, രഘു, രമണി, സുശീല.

അസീസിന്റ ഭാര്യ: സീനത്ത്, മക്കള്‍: അജ്മല്‍, അസീബ്, അസ് ലം, പിതാവ്: മുഹമ്മദ് ചിള്ളിപ്പറമ്പില്‍, മാതാവ് കുഞ്ഞിബി

Similar News