കിഫ്ബിയിലെ സാമ്പത്തിക ഇടപാട്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

Update: 2022-08-03 16:50 GMT

കൊച്ചി: കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ചോദ്യം ചെയ്യലിനായി ഈ മാസം 11ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാവണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഇഡി തോമസ് ഐസക്കിന് നോട്ടീസ് അയക്കുന്നത്. ആദ്യതവണ നോട്ടീസ് നല്‍കിയപ്പോള്‍ അദ്ദേഹം ഹാജരായിരുന്നില്ല.

കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് ഇഡി അന്വേഷണം. കിഫ്ബിക്ക് വിദേശത്തു നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നുമാണ് ആരോപണം. ഇഡിയുടെ ഇടപെടല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആദ്യം നോട്ടീസ് അയച്ചപ്പോഴുള്ള തോമസ് ഐസക്കിന്റെ പ്രതികരണം. ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്നും ഐസക് വ്യക്തമാക്കിയിരുന്നു. കിഫ്ബി സിഇഒ ആയിരുന്ന കെ എം എബ്രഹാമിനെ നേരെത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയര്‍മാനായിരുന്നു.

Tags:    

Similar News