കിഫ്ബിയെ തകര്‍ക്കുന്നവര്‍ കേരളത്തില്‍ ഇരട്ടഎഞ്ചിനുളള സര്‍ക്കാര്‍ വേണമെന്ന് പറയുന്നത് വിരോധാഭാസം; പ്രധാനമന്ത്രിക്കെതിരേ തോമസ് ഐസക്
തിരുവനന്തപുരം: വികസനം ഉറപ്പുവരുത്തുന്നതിന് കേരളത്തിന് ഇരട്ട എഞ്ചിനുള്ള സര്‍ക്കാര്‍ വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായത്തെ പരിഹസിച്ചുകൊണ്ട് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. പശ്ചാത്തല സംവിധാനങ്ങള്‍ ദുര്‍ബലമായ സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ഇരട്ട എഞ്ചിനാണ് കിഫ്ബിയെന്നും അതിനെ പലവിധത്തില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരാണെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ ഡോ. തോമസ് ഐസക്കിന്റെ വിമര്‍ശനം.
'2020-21ല്‍ ഗുജറാത്തിലെ പ്രതിശീര്‍ഷ വരുമാനം 2.36 ലക്ഷം രൂപയാണ്. കേരളത്തിലേത് 2.05 ലക്ഷം രൂപയും. കൊവിഡു കാലത്തെ ഏറ്റവും രൂക്ഷമായ വരുമാനയിടിവ് കേരളത്തിലായിരുന്നു. അല്ലാത്തപക്ഷം രണ്ടും തുല്യമായിരുന്നേനെ. ചുരുക്കത്തില്‍ പ്രതിശീര്‍ഷവരുമാനം എടുത്താല്‍ ഗുജറാത്തും കേരളവും ഒരേ നിലയിലാണ്. എന്നാല്‍ കേരളത്തിലെ കൂലി 800 രൂപയാണ്. ഗുജറാത്തിലേത് 280 രൂപയും. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, ശുചിമുറി, ഗ്രാമീണ റോഡുകള്‍, ക്ഷേമ പെന്‍ഷനുകള്‍ എന്നു തുടങ്ങി സാധാരണക്കാരുടെ ക്ഷേമനില പരിശോധിച്ചാല്‍ ഗുജറാത്തിനേക്കാള്‍ എത്രയോ മുന്നിലാണു കേരളം- അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഗുജറാത്തിലെപ്പോലെ ആധുനിക വ്യവസായങ്ങള്‍ കേരളത്തില്‍ ഇല്ല. പശ്ചാത്തലസൗകര്യങ്ങളില്‍ പിന്നോക്കമാണ്. ഈ ദൗര്‍ബല്യം തിരുത്തുന്നതിനായി പശ്ചാത്തലസൗകര്യങ്ങളില്‍ വലിയ മുതല്‍മുടക്ക് ഉറപ്പുവരുത്താനാണ് കിഫ്ബി സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിന്റെ ഇരട്ട എഞ്ചിനാണ് കിഫ്ബി. ഇതിനെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്. എന്നിട്ട് കേരളത്തില്‍വന്ന് ഇരട്ട എഞ്ചിനുള്ള സര്‍ക്കാരിനുവേണ്ടി പ്രധാനമന്ത്രി വാദിക്കുന്നത് വലിയൊരു വിരോധാഭാസമാണ്'-ഐസക് കൂട്ടിച്ചേര്‍ത്തു.