ആര്‍ടിപിസിആര്‍ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിനെ ഉല്‍പ്പെടുത്തണമെന്ന് ഫിറ കുവൈറ്റ്
കുവൈത്ത് സിറ്റി: രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വിദേശയാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും നാട്ടില്‍ ഏഴു ദിവസ ക്വാറന്റീനും ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ യാത്രാനയത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിനെ ഉള്‍പ്പെടുത്തണമെന്ന് ഫിറ കുവൈത്ത്.
ക്വാറന്റീന്‍ ഉപേക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്തിലെ ഇന്ത്യന്‍ സംഘടനകളുടെ പൊതുകൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രജിസ്‌ട്രേഡ് അസോസിയേഷന്‍സ് (ഫിറ) കുവൈറ്റ് കണ്‍വീനര്‍ ബാബു ഫ്രാന്‍സീസ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി ഡോ: മന്‍സൂഖ് മാണ്ഡവ്യ, വിദേശ കാര്യ വകുപ്പു മന്ത്രി ഡോ. ജയശങ്കര്‍, സഹമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.
ലോകരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ചുള്ള കൊവിഡ് വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ച് എല്ലാ ആരോഗ്യസുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ട് കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് സമയനഷ്ടവും സാമ്പത്തികചെലവും ഒഴിവാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങുവാന്‍ അടിയന്തിര സാഹചര്യമൊരുക്കണമെന്ന് ഫിറ കുവൈറ്റ് കണ്‍വീനര്‍ ബാബു ഫ്രാന്‍സീസ്, സെക്രട്ടറി ചാള്‍സ് പി ജോര്‍ജ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.