ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ദുര്‍ഗാപൂജ പന്തലിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. 66 പേര്‍ക്ക് പരിക്കേറ്റു.
രാത്രി 9 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആരതിക്കിടയിലായിരുന്നു അപകടം. 150ഓളം പേര്‍ അപകടം നടക്കുമ്പോള്‍ പന്തലിലുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഔറായ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എസ് പി അനില്‍കുമാര്‍ പറഞ്ഞു.
ഭദോഹി ജില്ലയില്‍ ഔറായി പോലിസ് സ്‌റ്റേഷന് സമീപമുള്ള ഏക്താ ക്ലബ് പൂജ പന്തലിലാണ് തീപ്പിടിത്തമുണ്ടായത്. അന്‍കുശ് സോണി എന്ന 12 വയസ്സുകാരന്‍ സംഭവസ്ഥലത്തുവച്ചും മറ്റുള്ളവര്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.
22 പേരെ വാരണാസിയിലെ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരെ മുപ്പതോളം പേരെ സൂര്യ ട്രോമ സെന്റര്‍, ഗോപിഗഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രം, ആനന്ദ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമാണ്. നേരത്തെ മൂന്ന് പേരാണ് മരിച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതുതന്നെയാണോ കാരണം എന്നതിന് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.
യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.