ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍; കോഴിക്കോട് 11 വിതരണ കേന്ദ്രങ്ങള്‍
സ്വകാര്യ ആശുപത്രികളില്‍ നിന്നുള്‍പ്പെടെ 33,799 പേരാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.
കോഴിക്കോട്: ജില്ലയില്‍ ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ വിതരണം നാളെ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. സ്വകാര്യ ആശുപത്രികളില്‍ നിന്നുള്‍പ്പെടെ 33,799 പേരാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, രാഘവന്‍ എംപി, പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവര്‍ സൂം കോണ്‍ഫറന്‍സ്് വഴി പങ്കെടുക്കും.
ബീച്ച് ആശുപത്രിയിലെ വാക്‌സിനേഷന്‍ ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ ഡോ.ബീനാ ഫിലിപ്പ് പങ്കെടുക്കും. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല എന്നിവരുടെ സാന്നിധ്യത്തില്‍ വാക്‌സിനേഷന് തുടക്കം കുറിക്കും. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ എന്നിവര്‍ വാക്‌സിനേഷന്റെ മേല്‍നോട്ടച്ചുമതല വഹിക്കും. മറ്റ് സെന്ററുകളില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ വാക്‌സിനേഷന് തുടക്കം കുറിക്കും.
ഒരു വാക്‌സിനേറ്റര്‍, നാല് വാക്‌സിനേഷന്‍ ഓഫിസര്‍മാര്‍ എന്നിവരാണ് ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലുമുണ്ടാവുക. വാക്‌സിനേഷനു ശേഷം മറ്റ് അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിനുളള ആംബുലന്‍സ് അടക്കമുളള സംവിധാനവും ഇവിടെ ഉണ്ടാകും. ഒരു കേന്ദ്രത്തില്‍ 100 പേര്‍ വീതം 11 കേന്ദ്രങ്ങളിലായി 1100 പേര്‍ക്ക് ഒരു ദിവസം വാക്‌സിന്‍ നല്‍കും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കൊവിഡ് പോസിറ്റീവ് ആയവര്‍ക്കും വാക്‌സിന്‍ നല്‍കില്ല.
വാക്‌സിനേഷനായി കാത്തിരിക്കുന്ന സ്ഥലത്ത് കൊവിഡ് മാനദണ്ഡങ്ങളെല്ലാം കര്‍ശനമായി പാലിക്കണം. ഒരാള്‍ വീതം മാത്രമേ വാക്‌സിനേഷന്‍ റൂമില്‍ കടക്കാവൂ. വാക്‌സിനേഷനു ശേഷം ഗുണഭോക്തവ് നിരീക്ഷണ മുറിയില്‍ 30 മിനിറ്റ് നിരീക്ഷണത്തില്‍ ഇരിക്കണം. വാക്‌സിനേഷന്‍ റൂമില്‍ സ്വകാര്യത ഉറപ്പ് വരുത്തും.
കോഴിക്കോട് മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, ഫറോക്ക് ഇ.എസ്.ഐ ആശുപത്രി, പേരാമ്പ്ര, നാദാപുരം,കൊയിലാണ്ടി, താലൂക്ക് ആശുപത്രികള്‍, പനങ്ങാട് കുടുംബാരോഗ്യകേന്ദ്രം, നരിക്കുനി, മുക്കം സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുക.