മത്സ്യക്കുരുതി; മരടിലെ കർഷകർക്കും ലക്ഷങ്ങളുടെ നഷ്ടം

Update: 2024-05-27 07:22 GMT

മരട്: കുണ്ടന്നൂരില്‍ കൂട് കൃഷിയിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതില്‍ കര്‍ഷകര്‍ക്കുണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. ചിത്രപ്പുഴയിലും പെരിയാറിലും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് പിന്നാലെയാണ് മരട് കുണ്ടന്നൂരിന് സമീപം കായലില്‍ കൂട് മത്സ്യക്കൃഷി ചെയ്യുന്നവരുടെ മീനുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ചത്തുപൊങ്ങാന്‍ തുടങ്ങിയത്. പുഴയില്‍ കൂട് മത്സ്യകൃഷി നടത്തുന്നവരുടെയെല്ലാം മത്സ്യങ്ങളും ചത്തുപോയെന്ന് കര്‍ഷകര്‍ പറഞ്ഞു. വിളവെടുക്കാന്‍ പാകത്തിലുള്ള മത്സ്യങ്ങളാണ് ചത്തത്. ഒന്നരക്കിലോ തൂക്കമുള്ള കാളാഞ്ചിയും മുക്കാല്‍ കിലോ വരുന്ന കരിമീനും ഉള്‍പ്പെടെ ആയിരത്തിലധികം കിലോയുടെ മീനുകളാണ് നഷ്ടമായത്.

കായലിലെ മത്സ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചത്തുപൊങ്ങി ഒഴുകിനടക്കുന്നതായി കണ്ടിരുന്നു. ശേഷമാണ് കൂടുകളിലെ മത്സ്യങ്ങള്‍ ചത്തത്. മരടിലെ ഫ്‌ലാറ്റ് പൊളിച്ചപ്പോള്‍ വന്‍ നഷ്ടം നേരിടേണ്ടി വന്ന കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായത്. ഫ്‌ലാറ്റ് പൊളിച്ചപ്പോള്‍ തങ്ങള്‍ക്കുണ്ടായ നഷ്ടപരിഹാരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. അതിനിടയിലാണ് വീണ്ടും ഇടിത്തീ പോലെ ഇങ്ങനെയൊരു സംഭവമുണ്ടായതെന്ന് അവര്‍ പറയുന്നു. പെരിയാറിലെ രാസമാലിന്യം കലര്‍ന്ന വെള്ളം ഒഴുകിയെത്തിയതാണെന്ന സംശയമുണ്ടെന്നും സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പുകളും നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകന്‍ ജാക്‌സണ്‍ സിമേന്തി പറഞ്ഞു.

സര്‍ക്കാര്‍, കുഫോസ്, ഫിഷറീസ്, പോലിസ്, നഗരസഭ തുടങ്ങിയവക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കര്‍ഷകര്‍. കായലില്‍ ആദ്യം കൂട് കൃഷി തുടങ്ങിയത് മഹാത്മാ സ്വാശ്രയ സംഘമാണ്. 15 പേര്‍ ചേര്‍ന്ന ഒരു കൂട്ടായ്മയാണ് ഇവിടെ വലിയ രീതിയില്‍ മത്സ്യകൃഷി നടത്തുന്നത്. ഇവര്‍ക്കാണ് കൂടുതല്‍ നഷ്ടം സംഭവിച്ചത്. സ്വര്‍ണം വിറ്റും കടം വാങ്ങിയും കൂടു കൃഷി തുടങ്ങിയവര്‍ക്കും സംഭവത്തില്‍ ലക്ഷങ്ങള്‍ നഷ്ടമായിട്ടുണ്ട്. കുഫോസ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതേസമയം, പ്രാഥമിക പരിശോധനയില്‍ അമോണിയം സള്‍ഫൈഡ് ജലത്തില്‍ ഉള്ളതായും ഓക്‌സിജന്റെ അളവും ഉപ്പിന്റെ അംശവും തീരെയില്ലെന്നും കണ്ടെത്തി.

Tags:    

Similar News