മല്‍സ്യത്തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് തുടങ്ങി

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്

Update: 2022-08-10 08:01 GMT

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മല്‍സ്യത്തൊഴിലാളികളുടെ മാര്‍ച്ച് തുടങ്ങി. അദാനി തുറമുഖ പദ്ധതിമൂലം തീരം നഷ്ടപ്പെട്ട് മല്‍സ്യത്തൊഴിലാളികളുടെ വീടുകള്‍ കടലെടുത്ത് കൊണ്ടിരിക്കുകയാണ്. തുറമുഖത്തിനായി ട്രഡ്ജിങ് നടത്തുന്നതിനാല്‍ ബോട്ട് മുങ്ങി നിരവധി മല്‍സ്യത്തൊഴിലാളികളാണ് മരിച്ചത്. മല്‍സ്യത്തൊഴിലാളികളുടെ അതിജീവന സമരമാണ് ഇപ്പോള്‍ നടക്കുന്നത്.

സെക്രട്ടേറിയറ്റ് മാര്‍ച്ച് ലത്തീന്‍ അതിരൂപത മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ഡോ. എം സൂസൈപാക്യം ഉദ്ഘാടനം ചെയ്തു. ഈ മാസം 16മുതല്‍ വിഴിഞ്ഞം അദാനി പോര്‍ട്ടിന് മുന്‍പില്‍ കരിദിനം ആചരിച്ച് സമരം തുടങ്ങുമെന്നും അവകാശ സംരക്ഷണ സമിതി അറിയിച്ചു. ലത്തീന്‍ അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ സംബന്ധിച്ചു.

തിരുവനന്തപുരം ലത്തീന്‍ അതിരൂപത സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. മ്യൂസിയത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്‍പിലാണ് സമാപിക്കുന്നത്.

രാവിലെ 11.30ന് നടക്കേണ്ടിയിരുന്ന മാര്‍ച്ച് പോലിസ് തടഞ്ഞതോടെ വൈകുകയായിരുന്നു. ബോട്ടുകളും മറ്റ് മല്‍സ്യബന്ധന ഉപകരണങ്ങളുമായി വന്ന മല്‍സ്യത്തൊഴിലാളികളെ ബൈപ്പാസ് റോഡില്‍ പോലിസ് തടഞ്ഞു. ഇതേ തുടര്‍ന്ന് മല്‍സ്യത്തൊഴിലാളികള്‍ റോഡില്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. ഇതോടെ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മല്‍സ്യത്തൊഴിലാളികളെ പോകാന്‍ അനുവദിച്ചതോടെയാണ് ഗതാഗത തടസ്സം നീങ്ങിയത്. 

തിരുവനന്തപുരം എയര്‍പോര്‍ട്ടിന് മുന്‍പില്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ രണ്ടുമാസമായി സമരം നടക്കുന്നുണ്ട്. 

Tags:    

Similar News