ആന്ധ്രയില്‍ ബസ് മറിഞ്ഞ് അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്

Update: 2022-06-13 09:29 GMT
ആന്ധ്രയില്‍ ബസ് മറിഞ്ഞ് അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ ജില്ലയില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ സീതാരാമ രാജു ജില്ലയിലെ ചിന്തൂര്‍ മണ്ഡലത്തിലെ എഡുഗുരപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഒഡീഷയിലെ ചിന്നപ്പള്ളിയില്‍നിന്ന് 60 യാത്രക്കാരുമായി വിജയവാഡയിലേക്ക് പോവുകയായിരുന്ന ബസ്സാണ് മറിഞ്ഞത്. ബസ്സിന്റെ നിയന്ത്രണം െ്രെഡവര്‍ക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പോലിസ് പറഞ്ഞു.

ബസ് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നും അമിതവേഗതയില്‍ അലക്ഷ്യമായാണ് വാഹനം ഓടിച്ചതെന്നും യാത്രക്കാര്‍ പറഞ്ഞു. മൂന്ന് പേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ പരിക്കേറ്റ് ഭദ്രാചലം ഏരിയാ ആശുപത്രിയില്‍ ചികില്‍സയ്ക്കായി കൊണ്ടുപോവുന്നതിനിടെയും മരണത്തിന് കീഴടങ്ങിയതായി വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവരെല്ലാം ഒഡീഷ സ്വദേശികളാണ്. പരിക്കേറ്റ ഏഴുപേര്‍ ഭദ്രാചലം ഏരിയാ ആശുപത്രിയില്‍ ചികില്‍സയിലാണ്. അര്‍ധരാത്രിക്ക് ശേഷം ഡ്രൈവറോട് ബസ് നിര്‍ത്തണമെന്ന് കണ്ടക്ടര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായി യാത്രക്കാര്‍ പറഞ്ഞു.

Tags:    

Similar News