കാലഫോര്‍ണിയയില്‍ വെടിവയ്പ്പ്; പോലിസുകാരനും അക്രമിയും ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു
ലോസ് ഏഞ്ചലസ്: മധ്യ കാലഫോര്‍ണിയയിലെ വാസ്‌കോ നഗരത്തില്‍ നടന്ന വെടിവയ്പ്പില്‍ ഒരു പോലിസുകാരനും അക്രമിയെന്ന് സംശയിക്കുന്നയാളും ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്ന് പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നിനാണ് പ്രദേശത്ത് വെടിവയ്പ്പ് നടന്നതായി റിപോര്‍ട്ട് ലഭിച്ചതെന്ന് കെര്‍ണല്‍ കൗണ്ടി ഷെരീഫിന്റെ ഓഫിസ് തിങ്കളാഴ്ച രാവിലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലിസുകാര്‍ക്കുനേരേയും പ്രതിയെന്ന് സംശയിക്കുന്നയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
രണ്ടുമണിക്കൂറിനുശേഷം വീടിനടുത്തെത്തിയ സ്‌പെഷ്യല്‍ വെപണ്‍സ് ആന്റ് ടാക്റ്റിക്‌സ് (സ്വാറ്റ്) ടീമുകളെയാണ് തോക്കുധാരി ആക്രമിച്ചത്. ഇതിലാണ് ഒരു പോലിസുകാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ മരണപ്പെടുകയും ചെയ്തത്. മറ്റൊരു പോലിസുകാരനും പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം വൈകുന്നേരം 6.30 ഓടെയാണ് അക്രമിയും പോലിസുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പ്പ് നടന്ന വീട്ടിലുണ്ടായിരുന്ന പരിക്കേറ്റ പ്രതിയെയും മറ്റ് മൂന്ന് പേരെയും ചികില്‍സയ്ക്കായി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ലോസ് ഏഞ്ചലസിന് വടക്ക് പടിഞ്ഞാറ് 240 കിലോമീറ്റര്‍ അകലെയുള്ള സാന്‍ ജോക്വിന്‍ താഴ്‌വരയിലാണ് വാസ്‌കോ സ്ഥിതിചെയ്യുന്നത്.