തൃശൂര്‍ നാട്ടികയില്‍ ലോറി കയറി അഞ്ച് പേര്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്ക്
റോഡില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി വിഭാഗത്തില്‍ പെട്ടവരാണ് മരിച്ചിരിക്കുന്നത്
നാട്ടിക: തൃശൂര്‍ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി കയറി അഞ്ചു പേര്‍ മരിച്ചു. ഉറങ്ങിക്കിടന്ന നാടോടികളുടെ ശരീരത്തിലാണ് ലോറി കയറിയത്. അഞ്ചുപേരും തത്ക്ഷണം മരിച്ചു. മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികളാണ്. ഇന്ന് പുലര്‍ച്ചെ നാട്ടിക സെന്ററിന് സമീപത്തെ ജെകെ തീയ്യറ്ററിന് സമീപമാണ് സംഭവം. കാളിയപ്പന്‍(50), നാഗമ്മ(39), ബംഗാഴി(20), ജീവന്‍ (4) എന്നിവര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കണ്ണൂരില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവര്‍ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറിയായിരുന്നു അപകടം. പുലര്‍ച്ചെ നാലിനാണ് അപകടം ഉണ്ടായത്. ബാരിക്കേഡ് കടന്നുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ ദിനേശന്‍ പറഞ്ഞു. അപകടമുണ്ടായ ശേഷം ലോറി 250 മീറ്ററോളം മുന്നോട്ട് പോയശേഷമാണ് നിന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാത നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മറ്റ് സിഗ്‌നലുകള്‍ ഇല്ലായിരുന്നു. ഇതിന്റെ സമീപത്തുള്ള സ്ഥലത്താണ് നാടോടി സംഘം ക്യാമ്പ് ചെയ്ത് താമസിച്ചിരുന്നത്.
പരിക്കേറ്റവരില്‍ ഒരാള്‍ കരഞ്ഞ് ഓടി വരുന്നത് കണ്ട് നാട്ടിക ബീച്ച് സ്വദേശി ആഘോഷാണ് പോലീസില്‍ വിവരമറിയിച്ചത്. 108 ആംബുലന്‍സുകള്‍, തളിക്കുളം ആംബുലന്‍സ്, തളിക്കുളം മെക്‌സിക്കന്‍ ആംബുലന്‍സ് എന്നിവയിലാണ് മരിച്ചവരേയും പരിക്കേറ്റവരേയും ആശുപത്രികളിലേക്ക് മാറ്റിയത്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി കെ രാജു, വലപ്പാട് എസ്എച്ച്ഒ എം കെ. രമേഷ് എന്നിവര്‍ സ്ഥലത്തെത്തി. ലോറിയിലുണ്ടായിരുന്ന കണ്ണൂര്‍ ആലക്കോട് സ്വദേശികളായ ഏഴിയക്കുന്നില്‍ അലക്‌സ് (33), ചാമക്കാലച്ചിറ ജോസ് (54) എന്നിവരെ വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു.