കെട്ടിടം വെള്ളത്തില്‍ മുങ്ങിയ സംഭവം; മതിയായ നഷ്ടപരിഹാരം നല്‍കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പിഴയിട്ടു
മലപ്പുറം: വെള്ളപ്പൊക്കത്തില്‍ കെട്ടിടത്തിന് നാശനഷ്ടം സംഭവിച്ചിട്ടും മതിയായ നഷ്ടപരിഹാരം നല്‍കാതിരുന്ന ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. തിരൂരിലെ സംഗമം റസിഡന്‍സി കെട്ടിട ഉടമയാണ് പരാതിക്കാരന്‍. യഥാര്‍ത്ഥ നഷ്ടത്തിന് പുറമെ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാന് നല്‍കാനാണ് വിധി.
2018 ആഗസ്റ്റ് മാസം രണ്ടാമത്തെ ആഴ്ചയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തിരൂര്‍ പുഴ നിറഞ്ഞ് മൂന്ന് ദിവസം കെട്ടിടം വെള്ളത്തില്‍ മുങ്ങിയിരുന്നു. കെട്ടിടത്തിനകത്തുള്ള കുഴല്‍ കിണര്‍, മോട്ടോര്‍ തുടങ്ങിയവക്ക് സാരമായ കേടുപാടുകള്‍ പറ്റി. കെട്ടിടത്തിന്റെ വരാന്ത വേര്‍പെട്ട നിലയിലായി. ഒരു കോടി എണ്‍പത് ലക്ഷത്തിന് ഇന്‍ഷര്‍ ചെയ്ത കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ക്കായി 453928 രൂപയാണ് കമ്പനിയോട് പരാതിക്കാരന്‍ ആവശ്യപെട്ടത്. കെട്ടിടത്തിന്റെ ഇന്‍ഷുറന്‍സില്‍ കേവലം കെട്ടിടത്തിന്റെ നാശനഷ്ടങ്ങള്‍ മാത്രമേ വരികയുള്ളുവെന്നും മറ്റൊന്നും അനുവദിക്കാനാവില്ലെന്നും നിലപാടെടുത്ത കമ്പനി 1,42,055 രൂപമാത്രമാണ് അനുവദിച്ചത്. എന്നാല്‍ കെട്ടിടത്തിന്റെ ശരിയായ ഉപയോഗത്തിനായിട്ടുള്ള നിര്‍മ്മിതികളും ഉപകരണങ്ങളും കെട്ടിടത്തിന്റെ ഭാഗമായി കണക്കാക്കി നഷ്ടപരിഹാരം നല്കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. കെട്ടിട ഉടമക്ക് യഥാര്‍ത്ഥ നഷ്ടമായി 2,92,332 രൂപയും സേവനത്തിലെ വീഴ്ചവരുത്തിയതിന് 50,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചെലവായും അനുവദിച്ച് ജില്ലാ ഉപയോക്തൃ കമ്മീഷന്‍ വിധിയായി. ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കാത്ത പക്ഷം വിധിസംഖ്യക്ക് പരാതി നല്കിയ തിയ്യതി മുതല്‍ 9 ശതമാനം പലിശയും നല്കണമെന്ന് കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി.മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ മെമ്പര്‍മാരുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞു.