'പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും'; രാഷ്ട്രപതി ദ്രൗപദി മുര്‍മു
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റശേഷം നടത്തിയ പ്രസംഗത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള തന്റെ അനുഭാവം ആവര്‍ത്തിച്ചുപ്രഖ്യാപിച്ചു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആദിവാസി വിഭാഗത്തില്‍നിന്ന് രാഷ്ട്രപതി പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് മുര്‍മു.
ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് സ്വപ്നം കാണാനും അത് യാഥാര്‍ത്ഥ്യമാക്കാനും കഴിയുമെന്നതിന്റെ തെളിവാണ് തന്റെ തിരഞ്ഞെടുപ്പ് ഫലമെന്ന് മുര്‍മു അഭിപ്രായപ്പെട്ടു. എനിക്ക് പ്രാഥമിക വിദ്യാഭ്യാസം ഒരു സ്വപ്നമായിരുന്നു. സ്വന്തം ഭാവിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രാജ്യത്തിന്റെ ഭാവിയുടെ അടിത്തറ പാകാന്‍ യുവാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. രാഷ്ട്രപതി എന്ന നിലയില്‍ നിങ്ങള്‍ക്ക് എന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യ എല്ലാ മേഖലകളിലും വികസനത്തിന്റെ പുതിയ മുഖങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു- കൊവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടം രാജ്യത്തിന്റെ ആഗോളതലത്തിലുള്ള സ്വാധീനം വര്‍ധിച്ചിരിക്കുന്നതായും അവര്‍ പറഞ്ഞു.