ഭരണഘടനാ സംരക്ഷണത്തിന് മതേതര കക്ഷികളെ അധികാരത്തിലേറ്റണം: കാന്തപുരം

വോട്ടു ബാങ്ക് മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയും അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ ഒളിച്ചോടുകയും ചെയ്യുന്നത് രാഷ്ട്രീയ നൈതികതക്ക് ചേര്‍ന്നതല്ലെന്നും കാന്തപുരം വ്യക്തമാക്കി. കോഴിക്കോട് കടപ്പുറത്ത് നടന്ന ഹിന്ദ് സഫര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2019-02-07 15:14 GMT

കോഴിക്കോട്: ഭരണഘടനയുടെ മൂല്യ സംരക്ഷണത്തിനും ജനാധിപത്യ ക്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനും മതേതര കക്ഷികളെ അധികാരത്തിലേറ്റണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. 130 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്ത് കോര്‍പ്പറേറ്റുകളെ മാത്രം അഭിസംബോധന ചെയ്തു കൊണ്ടുള്ള ഭരണ നിര്‍വ്വഹണം അസാധ്യമാണ്. വോട്ടു ബാങ്ക് മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയും അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ ഒളിച്ചോടുകയും ചെയ്യുന്നത് രാഷ്ട്രീയ നൈതികതക്ക് ചേര്‍ന്നതല്ലെന്നും കാന്തപുരം വ്യക്തമാക്കി. കോഴിക്കോട് കടപ്പുറത്ത് നടന്ന ഹിന്ദ് സഫര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അത് രാജ്യത്തെ ജനാധിപത്യ ക്രമത്തെ തകര്‍ക്കും. സ്വാതന്ത്രാനന്തര ഇന്ത്യ ഏഴ് ദശാബ്ധങ്ങള്‍ പിന്നിടുമ്പോഴും രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ജനവിഭാഗം ദരിദ്രവും അരക്ഷിതത്വവും പേറി ജീവിക്കുന്നുവെന്നത് ആശങ്കാജനകമാണ്. സാമൂഹിക കാരണങ്ങളാല്‍ പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തേണ്ടത്. അധികാരസ്ഥാപനങ്ങള്‍ മുഴുവന്‍ ജനവിഭാഗങ്ങളുടേതും കൂടിയാണ്. അവരുടെ മുഴുവന്‍ പ്രാതിനിധ്യവും നിര്‍വ്വഹിക്കുക എന്നതാവണം ജനപ്രതിനിധികളുടെ ദൗത്യം.

പകരം പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് തങ്ങളെ പിടികൂടിയ വെറുപ്പിന്റെ പ്രത്യയശാസ്ത്ര ഭൂതങ്ങള്‍ ഭരണ നയരൂപീകരണത്തിലും നിഴലിച്ചു കാണുന്നുണ്ടെങ്കില്‍ അത് തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. വിശപ്പും ഭീതിയും ചേര്‍ന്ന അരക്ഷിത ബോധത്തിന്റെ തടവറയിലാണ് ഉത്തരേന്ത്യയിലെ ന്യൂനപക്ഷങ്ങള്‍. അടിസ്ഥാന വികസനങ്ങള്‍ പോലും ലഭ്യമായിട്ടില്ലാത്ത ഗ്രാമങ്ങളാണ് അധികവും. മതിയായ വിദ്യാഭ്യാസവും മാന്യമായ ജോലിയും ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നു.

മുഴുവന്‍ പൗരന്മാര്‍ക്കും പാരസ്പര്യത്തോടെ സുഭിക്ഷമായി ജീവിക്കാനുള്ള വിഭവങ്ങള്‍ രാജ്യത്തുണ്ട്. അത് നീതിയുക്തമായി വിതരണം നടത്തുന്നതിന് പകരം പേരും മതവും നോക്കി ജീവിക്കാനുള്ള ഇടം പോലും നിഷേധിച്ച് ശുദ്ധികലശം നടത്താന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും അത് രാഷ്ട്രത്തെ അസ്ഥിരപ്പെടുത്തുമെന്നും കാന്തപുരം മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News