ജി20 ഉച്ചകോടിക്കിടെ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
ഇന്ത്യ-ചൈന നയതന്ത്ര ബന്ധങ്ങളുടെ 75ാം വാർഷികത്തോടനുബന്ധിച്ച് രണ്ടു രാജ്യങ്ങളിലും പരിപാടികൾ സംഘടിപ്പിക്കാൻ ഇരുരാജ്യങ്ങളും ആലോചിക്കുന്നുണ്ടെന്ന് ഔദ്യോഗിക കുറിപ്പിൽ ചൈന അറിയിച്ചു
റിയോ ഡി ജനെയ്റോ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ബ്രസീലിലെ റിയോ ഡി ജെനറോയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഇന്ന് കൂടിക്കാഴ്ച നടത്തി. "സമീപകാലത്ത് ഇന്ത്യ-ചൈന അതിർത്തിയിലെ തർക്കപ്രശ്നങ്ങളിൽ കൈക്കൊണ്ട പരസ്പര ധാരണയുടെ കാര്യത്തിൽ പുരോഗതിയുണ്ട്. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചുള്ള ആശയങ്ങളുടെ പരസ്പര വിനി മയത്തിനുള്ള അടുത്ത ചുവടുവയ്പുകളാണ് ഇനി വേണ്ടത് ". ഡോ. എസ് ജയശങ്കർ 'എക്സി'ൽ കുറിച്ചു. "ആഗോള സാഹചര്യങ്ങളും ചർച്ചാ വിഷയമായി"അദ്ദേഹം കൂട്ടിച്ചേർത്തു. ജി20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുഗമിച്ച് റിയോ ഡി ജനറോയിൽ എത്തിയതാണ് വിദേശകാര്യ മന്ത്രി ജയശങ്കർ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ.
ഒക്ടോബർ 21നാണ് അതിർത്തി പ്രശ്നത്തിൽ ഇന്ത്യയും ചൈനയും ഉഭയകക്ഷി ധാരണയിലെത്തിയത്. ലഡാക്കിലെ സംഘർഷ പോയിൻ്റുകളായ ഡെംചോക്ക്, ഡെസ് പാങ് പ്രദേശങ്ങളിൽ നിന്ന് ഇരു രാജ്യങ്ങളിലെ സൈന്യവും വിട്ടുനിൽക്കുകയെന്നതായിരുന്നു ധാരണ. അതു പ്രകാരം അതിർത്തിയിൽ സൈന്യത്തിൻ്റെ റോന്ത്ചുറ്റലിനും ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.കഴിഞ്ഞ നാലു വർഷത്തിലേറെയായി ഇന്ത്യ-ചൈന ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്ന പ്രശ്നമായിരുന്നു കിഴക്കൻ ലഡാക്കിലെ ഈ മേഖലകളിലെ അസ്വാരസ്യങ്ങൾ. അതിനാണ് ഉഭയകക്ഷി ധാരണയിലൂടെ അയവു വന്നത്. ഇപ്പോൾ ഇക്കാര്യത്തിൽ പുരോഗതി കൈവരിച്ചതായും ഇരു രാജ്യങ്ങളും അവകാശപ്പെടുന്നു.
ഇന്ത്യ-ചൈന നയതന്ത്ര ബന്ധങ്ങളുടെ 75ാം വാർഷികത്തോടനുബന്ധിച്ച് രണ്ടു രാജ്യങ്ങളിലും പരിപാടികൾ സംഘടിപ്പിക്കാൻ ഇരുരാജ്യങ്ങളും ആലോചിക്കുന്നുണ്ടെന്ന് ഔദ്യോഗിക കുറിപ്പിൽ ചൈന അറിയിച്ചു.