യുഎസ് തിരഞ്ഞെടുപ്പില്‍ ഇടപെടരുത്: പുടിന് ട്രംപിന്റെ 'മുന്നറിയിപ്പ്'
ജപ്പാനില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ നടന്ന അനൗദ്യോഗിക കൂടിക്കാഴ്ചക്കിടെയാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇനി ഇടപെടരുതെന്ന് പുടിന് തമാശ രൂപേണെ ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.
ഒസാക്ക: അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെതിരേ റഷ്യന്‍ പ്രസിഡന്റ് വഌദ്മീര്‍ പുടിന് 'മുന്നറിയിപ്പ്' നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാനില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ നടന്ന അനൗദ്യോഗിക കൂടിക്കാഴ്ചക്കിടെയാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇനി ഇടപെടരുതെന്ന് പുടിന് തമാശ രൂപേണെ ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.
മാധ്യമപ്രവര്‍ത്തകര്‍ യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ ഈ പരാമര്‍ശം.ട്രംപ് ചിരിച്ചുകൊണ്ട് പുടിനു നേരെ വിരലു ചൂണ്ടി ഇടപെടരുതെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജി20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും സംസാരിച്ചത്. വളരെ വളരെ നല്ല ബന്ധമെന്നാണ് റഷ്യയുമായുള്ള ബന്ധത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഒരുപാട് നല്ല കാര്യങ്ങള്‍ വരാനിരിക്കുന്നുണ്ടെന്നും യുഎസ്-റഷ്യന്‍ സഹകരണത്തെ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന് ട്രംപിന്റെ എതിരാളികളായ ഡെമോക്രാറ്റുകള്‍ ആരോപിച്ചിരുന്നു. 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി റഷ്യന്‍ ഇടപെടലുണ്ടായെന്നാണ് ആരോപണം. ഇത് അന്വേഷിക്കാനായി സീനിയര്‍ കൗണ്‍സല്‍ റോബര്‍ട്ട് മ്യൂളറെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് വ്യക്തമായ തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല.