ഇന്ത്യക്ക് 40 രാജ്യങ്ങളില്‍ നിന്നുളള സഹായമെത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിങ്‌ള

Update: 2021-04-29 12:17 GMT

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 40 രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്ക് സഹായമെത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിങ്‌ള. പ്രധാനമായും ഓക്‌സിജനും അനുബന്ധഉപകരണങ്ങളുമാണ് വന്നുചേരുക. കൊവിഡ് രണ്ടാം വ്യാപനത്തിലൂടെ കടന്നുപോകുന്ന ഇന്ത്യക്ക് വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് വലിയ സഹായസഹകരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

രണ്ട് റഷ്യന്‍ മിലിറ്ററി ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളിലായി 20 ഓക്‌സിജന്‍ പ്രൊഡക്ഷന്‍ പ്ലാന്റുകള്‍ രാജ്യത്തെത്തിയതിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സെക്രട്ടറി ഇക്കാര്യം പറഞ്ഞത്.

വെന്റിലേറ്ററുകള്‍ 200000 മെഡിക്കല്‍ പാക്കറ്റുകള്‍ എന്നിവയും വിമാനത്തിലുണ്ടായിരുന്നു.

കൊവിഡ് വാക്‌സിനും ഓക്‌സിജന്‍ ജനറേറ്ററുകളും അടക്കം വിവിധ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ നിന്ന് ഇന്നുതന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകരാഷ്ട്രങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന മെഡിക്കല്‍ ഉപകരണങ്ങളും വസ്തുക്കളും ആവശ്യമായ സ്ഥലങ്ങളില്‍ തടസ്സമില്ലാതെ എത്തുന്നതിനുളള നടപടികള്‍ കൈക്കൊള്ളാന്‍ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തിന് ആവശ്യമായ വസ്തുക്കളുടെ ഒരു പട്ടിക ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വിവിധ രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്.

ദ്രവ ഓക്‌സിജന്‍, ഓക്‌സിജന്‍ ഉദ്പാദന യൂണിറ്റ്, മരുന്നുകള്‍, പ്രത്യേകിച്ച് റെംഡെസിവിര്‍, ടോസിലിസുമാബ് എന്നിവയാണ് പട്ടികയിലെ പ്രധാന ഇനം.

കൊവിഡിന്റെ രണ്ടാം വരവ് ആരംഭിച്ചതോടെ രാജ്യത്ത് വലിയ തോതിലുളള വ്യാപനമാണ് ദൃശ്യമായത്. ആശുപത്രികള്‍ നിറയുകയോ സ്വാധീനശക്തിയുളളവര്‍ പിടിച്ചടക്കുകയോ ചെയ്തതോടെ ആശുപത്രികളിലേക്ക് രോഗികള്‍ക്ക് പോകാന്‍ കഴിയാതെയായി. ഓക്‌സിജന്‍ ക്ഷാമം വര്‍ധിച്ചതോടെ ശ്വാസംമുട്ടി നിരവധി പേര്‍ മരിച്ചു.

യുഎസ്, റഷ്യ, ഫ്രാന്‍സ്, യുഎഇ, ജര്‍മനി, സൗദി അറേബ്യ, യുഎഇ തുടങ്ങി രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് സഹായം എത്തിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്.

അടുത്ത ദിവസങ്ങളില്‍ 500 ഓക്‌സിജന്‍ ജനറേറ്ററുകള്‍, 4,000 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍, 10,000 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 17 ഓക്‌സിജന്‍ ടാങ്കുകല്‍ തുടങ്ങിയവ എത്തിച്ചേരുമെന്ന് ശ്രിങ്‌ള പറഞ്ഞു.

Tags:    

Similar News