ഉരുള്‍പൊട്ടല്‍ ഭീതി: ചെക്കുന്ന് മലയില്‍ സന്ദര്‍ശകരെ വിലക്കി വനംവകുപ്പ്
ചെക്കുന്ന്മലയുടെ സൗന്ദര്യവും പ്രകൃതി ഭംഗിയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് സന്ദര്‍ശകരുടെ എണ്ണം കുത്തനെ വര്‍ധിച്ചിരുന്നു.
മലപ്പുറം: ഊര്‍ങ്ങാട്ടിരിചെക്കുന്ന് മലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലായതിനാല്‍ ഇവിടെ സന്ദര്‍ശകരും പൊതുജനങ്ങളും അനുവാദമില്ലാതെ പ്രവേശിക്കരുതെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചെക്കുന്ന്മലയുടെ സൗന്ദര്യവും പ്രകൃതി ഭംഗിയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് സന്ദര്‍ശകരുടെ എണ്ണം കുത്തനെ വര്‍ധിച്ചിരുന്നു. മലബാര്‍ മാന്വലില്‍ ലോഗന്‍ ക്യാമല്‍ ഹംബ് എന്ന് വിവരിച്ചത് ചെക്കുന്ന് മലയെയത്രെ.
ഷെയ്ഖ് കുന്ന് ലോപിച്ച് ചെക്കുന്നായതും ആദിവാസികളുടെ ഉച്ചാരണത്തില്‍ തെക്ക് കുന്ന് ചെക്കുന്ന് ആയതായും പറയപ്പെടുന്നു.(തെ എന്നത് ചെ ആയും വെഎന്നത് മെ ആയുംആദിവാസികള്‍ ഉച്ചരിക്കുന്നത് തെളിവായി കരുതുന്നു).
ചെക്കുന്നിലെ കൊല്ലംകൊല്ലി വെള്ളച്ചാട്ടവും മനോഹരമാണ്. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനു കീഴിലുള്ള എടവണ്ണ റേഞ്ചില്‍ ഉള്‍പ്പെട്ട കൊടുമ്പഴ വനം സ്‌റ്റേഷനു കീഴിലെ വനമേഖലയില്‍ ഉള്‍പ്പെട്ടതാണ് ചെക്കുന്ന് വനമേഖല.
രണ്ട് വര്‍ഷം മുന്‍പ് ചെക്കുന്ന്, മുള്ളും കാട് വനമേഖല ഉള്‍പ്പെടെ പഴയ സര്‍വ്വേ പ്രകാരം റിസര്‍വ്വേ നടത്തി അതിര്‍ത്തി നിര്‍ണ്ണയിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികള്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ക്കും വനംവകുപ്പ് മന്ത്രിക്കും പരാതി നല്‍കിയത് അവഗണിച്ചതായാണ് ആദിവാസികള്‍ പറയുന്നത്.
കേന്ദ്ര ഭൗമ പഠനത്തില്‍ ഉയര്‍ന്ന ഉരുള്‍പ്പൊട്ടല്‍ മേഖലയായി കണക്കാക്കപ്പെടുന്ന ചെക്കുന്ന് മലയില്‍ അപകടസാധ്യത കണ്ടാണ് വനം വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അധികൃതരുടെ വിശദീകരണം കവളപ്പാറയില്‍ ഉണ്ടായ ദുരന്തത്തിനേക്കാള്‍ പതി മടങ്ങ് ദുരന്തം ചെക്കുന്നില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മലക്ക് താഴെ താമസിക്കുന്ന ആയിരകണക്കിന് കുടുംബങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്നും ആവശ്യമുന്നയിച്ച് സേവ് ചെക്കുന്ന് പരിസ്ഥിതി സംരക്ഷണ സമിതിയും പ്രക്ഷോഭരംഗത്തുണ്ട്.