മുണ്ടക്കോട്ടുകുറിശ്ശിയില്‍ വീട്ടില്‍സൂക്ഷിച്ച 625 കിലോഗ്രാം ചന്ദനമരം വനംവകുപ്പ് പിടികൂടി

Update: 2021-08-16 05:36 GMT

ഒറ്റപ്പാലം: മുണ്ടക്കോട്ടുകുറിശ്ശിയില്‍ വീട്ടില്‍ സൂക്ഷിച്ച 625 കിലോഗ്രാം ചന്ദനമരം വനംവകുപ്പ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ വനംവകുപ്പ് ഒറ്റപ്പാലം റേഞ്ച് അറസ്റ്റ് ചെയ്തു. മുണ്ടക്കോട്ടുകുറിശ്ശി സ്വദേശി വി. ഹമീദ് (38), നെല്ലായ സ്വദേശി അബ്ദുള്‍റഹ്മാന്‍ (34) എന്നിവരെയാണ് പിടികൂടിയത്. മറ്റ് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. മൂന്ന് ബൈക്കുകളും ഒരു ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. 

മുണ്ടക്കോട്ടുകുറിശ്ശിയിലെ ഹമീദിന്റെ വീട്ടില്‍നിന്നാണ് ചന്ദനമരം കണ്ടെടുത്തതെന്ന് റേഞ്ച് ഓഫിസര്‍ ജിയാസ് ജമാലുദ്ദീന്‍ ലബ്ബ പറഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് സംഭവം. വീടിന്റെ പിറകിലിരുന്ന് മരംചെത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നും കുറച്ച് മരം സമീപത്തെ ഷെഡ്ഡില്‍നിന്നുമാണ് കണ്ടെടുത്തതെന്നും വനംവകുപ്പധികൃതര്‍ അറിയിച്ചു. ചന്ദനം

സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനിടെയാണ് ഒരു ബൈക്ക് പിടികൂടിയത്. മറ്റ് വാഹനങ്ങളും കടത്താന്‍ ഉപയോഗിച്ചവയാണ്. 25 കിലോഗ്രാം ചന്ദനമരത്തിന്റെ കാതലും ബാക്കി കാതല്‍ നീക്കംചെയ്ത മരവുമാണ് പിടിച്ചെടുത്തത്. ആയുര്‍വേദാവശ്യത്തിനും തൈലത്തിനുമാണ് ഇവ ഉപയോഗിക്കുന്നത്. ചന്ദനമരത്തിന്റെ കാതല്‍ ചളവറയിലെ സ്വകാര്യ സ്ഥലത്തുനിന്നാണ് വെട്ടിയതെന്നും ബാക്കി ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നായാണ് വെട്ടിയതെന്നുമാണ് സംശയമെന്നും അധികൃതര്‍ അറിയിച്ചു. ഇത് എവിടെനിന്നൊക്കെയെന്ന് കണ്ടെത്താന്‍ തെളിവെടുപ്പും വനംവകുപ്പ് തുടങ്ങി.

Tags:    

Similar News