ന്യൂഡല്‍ഹി:സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ സി ലഹോട്ടി അന്തരിച്ചു. 81 വയസ്സായിരുന്നു. പിടിഐയുടെ മുന്‍ സ്വതന്ത്ര ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം.സുപ്രിംകോടതിയുടെ 35ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു രമേഷ് ചന്ദ്ര ലാഹോട്ടി എന്ന ആര്‍സി ലഹോട്ടി.
ലഹോട്ടി 1962ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 1977 ഏപ്രിലില്‍ സ്‌റ്റേറ്റ് ഹയര്‍ ജുഡീഷ്യല്‍ സര്‍വീസിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്യപ്പെട്ട അദ്ദേഹം സെഷന്‍സ് ജഡ്ജിയായി ഒരു വര്‍ഷത്തോളം സേവനമനുഷ്ഠിച്ചു. ശേഷം 1978 മെയ് മാസത്തില്‍ രാജിവച്ച് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ ബാറില്‍ തിരിച്ചെത്തി. 1988 മെയ് 3ന് മധ്യപ്രദേശ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം അടുത്ത വര്‍ഷം ഓഗസ്റ്റ് 4ന് സ്ഥിരം ജഡ്ജിയായി.1994 ഫെബ്രുവരി 7ന് ഡല്‍ഹി ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റപ്പെടുകയും പിന്നീട് 1998 ഡിസംബര്‍ 9ന് സുപ്രിംകോടതി ജഡ്ജിയായി നിയമിക്കപ്പെടുകയും ചെയ്തു.2004 ജൂണ്‍ ഒന്നിനാണ് അദ്ദേഹം ചീഫ് ജസ്റ്റിസാകുന്നത്.
2005 നവംബര്‍ ഒന്നിന് ലാഹോട്ടി സുപ്രിംകോടതിയില്‍ നിന്നും വിരമിച്ചു. വോഡാഫോണ്‍ നികുതി തര്‍ക്ക കേസില്‍ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് ലാഹോട്ടിയെ ആര്‍ബിട്രേറ്ററായി നിയമിച്ചിരുന്നു.ജസ്റ്റിസ് ലാഹോട്ടിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവും അനുശോചിച്ചു