ഇസ് ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വെള്ളിയാഴ്ച വെടിയേറ്റ് മരിച്ചു. പ്രദേശത്തെ ഒരു പള്ളിക്കുമുന്നില്‍വച്ചാണ് ചീഫ് ജസ്റ്റിസിനെതിരേ അക്രമി വെടിയുതിര്‍ത്തതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുഹമ്മദ് നൂര്‍ മെസ്‌കന്‍സായിക്കാണ് കൊല്ലപ്പെട്ടത്. ആക്രമണം നടക്കുമ്പോള്‍ അദ്ദേഹം ഖരന്‍ പ്രദേശത്തെ പള്ളിക്ക് പുറത്തായിരുന്നുവെന്ന് ഖരന്‍ പോലിസ് സൂപ്രണ്ട് ആസിഫ് ഹലീം ഡോണിനോട് പറഞ്ഞു.
വെടിയേറ്റ ഉടന്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും താമസിയാതെ മരിച്ചു.
ജഡ്ജിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി മിര്‍ അബ്ദുള്‍ ഖുദൂസ് ബിസെഞ്ചോ പറഞ്ഞു. ജഡ്ജിയുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഭീരുത്വം നിറഞ്ഞ ആക്രമണങ്ങള്‍ക്ക് രാജ്യത്തെ ഭയപ്പെടുത്താനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റിബ അടിസ്ഥാനമാക്കിയുള്ള ബാങ്കിംഗ് സംവിധാനം ശരിയത്തിനെതിരാണെന്ന വിധി പ്രസ്താവിച്ച ജഡ്ജിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ക്വറ്റ ബാര്‍ അസോസിയേഷന്‍ (ക്യുബിഎ) പ്രസിഡന്റ് അജ്മല്‍ ഖാന്‍ കാക്കര്‍ മുസ്‌കന്‍സായിയുടെ കൊലപാതകത്തെ അപലപിച്ചു. മുന്‍ ജഡ്ജിയുടെ മരണത്തില്‍ പാക്കിസ്താനിലെ ഓരോ പൗരനും അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നു, കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു,' അജ്മല്‍ കാക്കര്‍ ആവശ്യപ്പെട്ടു.