ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു
നെഞ്ചുവേദനയെ തുടര്‍ന്ന് അഹമ്മദബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. സെപ്റ്റംബറില്‍ അദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ (92) അന്തരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് അഹമ്മദബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. സെപ്റ്റംബറില്‍ അദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
1928ല്‍ ജുനഗഡില്‍ കേശുഭായ് 1945ല്‍ ആര്‍എസ്എസ്സിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്. ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രധാനിയായിരുന്നു. 1995ലും 1998 മുതല്‍ 2001 വരെയുമാണ് കേശഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്. ആറ് തവണ ഗുജറാത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980കളില്‍ ബിജെപിയുടെ ശക്തനായ നേതാവായിരുന്നു ഇദ്ദേഹം. 2012ല്‍ ബിജെപിയുമായുള്ള ഭിന്നതയെതുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ശേഷം ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രൂപീകരിച്ചു. 2012ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷേ അനാരോഗ്യം കാരണം 2014ല്‍ രാജിവയ്ക്കുകയായിരുന്നു. കേശുഭായ് പട്ടേലിന് ശേഷം ഗുജറാത്ത് മുഖ്യമന്ത്രിയായത് നരേന്ദ്ര മോദിയാണ്.
ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലുള്ള വിസവാദറില്‍ 1928ലാണ് കേശുഭായ് പട്ടേല്‍ ജനിച്ചത്. 1945ല്‍ ആര്‍എസ്എസില്‍ ചേര്‍ന്നു. ബിജെപിയുടെ ആദ്യ രൂപമായ ജനസംഘത്തോടൊപ്പം ചേര്‍ന്നാണ് രാഷ്ട്രീയരംഗത്ത് ഇറങ്ങിയത്. 1975ല്‍ ജനസംഘം കോണ്‍ഗ്രസ് (ഒ) വിഭാഗവും ചേര്‍ന്ന് ഗുജറാത്തില്‍ അധികാരത്തിലെത്തി. അടിയന്തരാവസ്ഥയ്ക്ക് ശേഷം രാജ്‌കോട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980ല്‍ ജനസംഘം പിരിച്ചുവിടുകയും ബിജെപി രൂപീകരിക്കുകയും ചെയ്തപ്പോള്‍ ഗുജറാത്തില്‍ ബിജെപിയുടെ മുതിര്‍ന്ന സംഘാടകനായിരുന്നു കേശുഭായ് പട്ടേല്‍. പിന്നീട് ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി. ശേഷം മുഖ്യമന്ത്രിയുമായി.