മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു

Update: 2023-07-18 00:26 GMT

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.25നായിരുന്നു മരണം. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. അര്‍ബുദത്തിന് ചികില്‍സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.25നാണ് അന്ത്യം. അഞ്ചു പതിറ്റാണ്ടിലേറെ നിയമസഭാംഗാ സാമാജികനായിരുന്ന ഉമ്മന്‍ചാണ്ടിയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികന്‍. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി 12 തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വര്‍ഷം മുഖ്യമന്ത്രിയായിരുന്നു. തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമാണ്. ഭാര്യ: കനറാ ബാങ്ക് മുന്‍ ഉദ്യോഗസ്ഥ മറിയാമ്മ. മക്കള്‍: മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍.

    1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ ഒ ചാണ്ടി-ബേബി ചാണ്ടി ദമ്പതികളുടെ മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി എംഡി സ്‌കൂള്‍, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, കോട്ടയം സിഎംഎസ് കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കെഎസ്‌യുവിലൂടെയാണ് സംഘടനാ പ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. 1962 ല്‍ കെഎസ്‌യു കോട്ടയം ജില്ലാ സെക്രട്ടറിയായി. 65 ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും 67ല്‍ സംസ്ഥാന പ്രസിഡന്റുമായി. 69 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി. 1970 ല്‍ തന്റെ 27 ാം വയസ്സിലാണ് പുതുപ്പള്ളിയില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തിയത്. 1977 ല്‍ ആദ്യ കരുണാകന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി. 82 ല്‍ ആഭ്യന്തരമന്ത്രിയും 91 ല്‍ ധനമന്ത്രിയുമായി. 1982 മുതല്‍ 86 വരെയും 2001 മുതല്‍ 2004 വരെയും യുഡിഎഫ് കണ്‍വീനറായിരുന്നു. 2004 ല്‍ എ കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് ആദ്യമായി മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി 2011 ല്‍ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി. 2006 മുതല്‍ 2011 വരെ പ്രതിപക്ഷ നേതാവുമായിരുന്നു.

Tags:    

Similar News