കെജ്രിവാളും ഇമ്രാനും മാതൃക; കശ്മീരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ഷാ ഫൈസല്‍; ഷെഹല റാഷിദും പാര്‍ട്ടിയില്‍

കശ്മീരിലെ നിലക്കാത്ത കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് രാജിവച്ച് രണ്ടു മാസത്തിനു ശേഷമാണ് പാര്‍ട്ടി രൂപീകരിച്ചത്.

Update: 2019-03-17 15:17 GMT

ശ്രീനഗര്‍: മുന്‍ കശ്മീര്‍ ബ്യൂറോക്രാറ്റ് ഷാ ഫൈസല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ജമ്മു ആന്റ് കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് (ജെകെപിഎം) എന്നാണ് പാര്‍ട്ടിയുടെ പേര്. കശ്മീരിലെ നിലക്കാത്ത കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് രാജിവച്ച് രണ്ടു മാസത്തിനു ശേഷമാണ് പാര്‍ട്ടി രൂപീകരിച്ചത്. ശ്രീനഗറിലെ രാജ്ബാഗ് ഏരിയയിലെ ഗിന്ദൂന്‍ പാര്‍ക്കില്‍ നടന്ന ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം.

ജെഎന്‍യു യൂനിയന്‍ മുന്‍ യൂനിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ് ഈ പാര്‍ട്ടിയില്‍ ചേര്‍ന്നു.പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിനിടെ തന്റെ മാതൃക പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമാണെന്ന് ഷാ ഫൈസല്‍ പറഞ്ഞു. കശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് കാശ്മീര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമായി പറയുന്നത്.

അതേസമയം കാശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ആര്‍ട്ടിക്കിള്‍ 35എ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐഎഎസ് പദവി രാജിവച്ച ഫൈസല്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കാശ്മീര്‍ താഴ്‌വരയിലെ വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച സമാന മനസ്‌കരെ ഒപ്പം കൂട്ടാനാണ് അദ്ദേഹം ശ്രമിച്ചത്. ജമ്മു കാശ്മീരില്‍ നിന്നും ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാമതെത്തിയ ആദ്യത്തെയാളാണ് ഷാ ഫൈസല്‍.

Tags:    

Similar News