വാഷിങ്ടണ്‍: 2024ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊരുങ്ങി ഡോണള്‍ഡ് ട്രംപ്. ഇതിനായി അദ്ദേഹത്തിന്റെ അനുയായികള്‍ യുഎസ് ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനില്‍ പേപ്പര്‍ വര്‍ക്ക് ഫയല്‍ ചെയ്തു. 'അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാര്‍ഥിത്വം ഇന്ന് രാത്രി പ്രഖ്യാപിക്കുകയാണ്, അമേരിക്കയുടെ തിരിച്ചുവരവ് ഇപ്പോള്‍ ആരംഭിക്കുന്നു, അമേരിക്കയെ മഹത്തരമാക്കുകയാണ് ലക്ഷ്യം'- എന്നാണ് തന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത്.
2016 ലെ തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും യുഎസ് പ്രസിഡന്റായി വിജയിച്ച ട്രംപ്, 2020ലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പാര്‍ട്ടിയിലെ ജോ ബൈഡനോട് പരാജയപ്പെട്ടിരുന്നു. 76 കാരനായ ട്രംപ്, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും വിദേശമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നോ ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ നിന്നോ ആദ്യമായി സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വ്യക്തികൂടിയാണ് ട്രംപ് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു.